ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കരകയറാതെയാണ് ലോകരാജ്യങ്ങള്‍ 2009 ന്‍റെ പുലരിയിലേക്ക് കണ്ണുചിമ്മിയത്. സാമ്പത്തിക പ്രതിസന്ധി പൊട്ടിമുളച്ച അമേരിക്ക തന്നെയായിരുന്നു കഴിഞ്ഞ പുതുവര്‍ഷപ്പുലരിയിലും ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം. കാരണം ബരാക്ക് ഒബാമയെന്ന കറുത്തവംശജന് ചരിത്രം തിരുത്തിക്കുറിച്ച് വൈറ്റ് ഹൌസിലെ അധികാരക്കസേരയിലേക്കുള്ള പരവതാനി വിരിച്ചാണ് അമേരിക്ക 2009 നെ സ്വാഗതം ചെയ്തത്.
ഒബാമയുടെ സത്യപ്രതിജ്ഞ 2008 ല്‍ തന്നെ അമേരിക്കയുടെ ഭാവി അമരക്കാരനായി ഒബാമ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യുഎസ് ഭരണഘടനയനുസരിച്ച് ജനുവരി 20 നായിരുന്നു അധികാരമേല്‍ക്കല്‍. അമേരിക്കന്‍ സമയം 11:30 ന് (ഇന്ത്യന്‍ സമയം രാത്രി 10) ഒബാമ അമേരിക്കയുടെ നാല്‍പ്പത്തിനാലാം പ്രസിഡന്‍റായി സ്ഥാനമേറ്റത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയമായിരുന്നു സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കാനെത്തിയത്. എബ്രഹാം ലിങ്കന്‍ പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ യാത്രയെ അനുസ്മരിപ്പിച്ച് ഫിലാഡല്‍ഫിയയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് ഒബാമയും ഹിലരിയും വാഷിംഗ്ടണില്‍ എത്തിയത്. ലിങ്കന്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ബൈബിളില്‍ തൊട്ടാണ് ഒബാമയും ചരിത്രം കുറിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് ഒബാമയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആദ്യ സത്യപ്രതിജ്ഞയില്‍ ഒരു വാക്ക് സ്ഥാനം മാറി പറഞ്ഞതിനാല്‍ വൈറ്റ് ഹൌസില്‍ ഒബാമയ്ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. ജോര്‍ജ് ബുഷിന്‍റെ പിന്‍ഗാമിയായിട്ടാണ് ഒബാമ അധികാരത്തിലെത്തിയത്. 2009 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനായി ഒബാമ ഒരിക്കല്‍ കൂടി ലോകരാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.