ശബരിമലയില്‍ ഞായറാഴ്ച ലക്ഷാര്‍ച്ചന

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (11:17 IST)
ശബരിമല: ഓണം കഴിഞ്ഞു കഴിഞ്ഞ ദിവസം തുറന്ന ശബരീശ നടയില്‍ ദര്‍ശനത്തിനു വന്‍ തിരക്ക്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറന്നപ്പോള്‍ തന്നെ ഭക്തരുടെ പ്രവാഹമായിരുന്നു. സന്നിധാനത്തുള്ള വലിയ നടപ്പന്തല്‍, മേല്‍പ്പാലം, തിരുമുറ്റം എന്നിവിടങ്ങളില്‍ ഭഗവത് ദര്‍ശനത്തിനായി ഭക്തര്‍ മണിക്കൂറുകളായി കാത്ത് നില്‍ക്കുകയായിരുന്നു. പോലീസിനൊപ്പം ദേവസ്വം ഗാര്‍ഡുകളും ഇവരെ നിയന്ത്രിക്കാനായി നന്നേ വിഷമിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തരെ കൂടാതെ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരും ദര്‍ശനത്തിനു എത്തിയിരുന്നു.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയായിരുന്നു പൂജകള്‍ക്ക് ആരംഭം കുറിച്ചത്. ഉഷഃപൂജയോടെ ലക്ഷാര്ച്ചനയും തുടങ്ങി. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ ബ്രഹ്മകലശവും നിറച്ചു. ഇതിനു ചുറ്റും 25 ശാന്തിക്കാര്‍ ഇരുന്നു ഹരിഹരപുത്ര സഹസ്രനാമം കോലി അര്‍ച്ചന നടത്തി. ഉച്ചയോടെ ഇത് പൂര്‍ത്തിയായി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശം ആഘോഷമായി ശ്രീകോവിലില്‍ എത്തിച്ചു അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകവും ചെയ്തു.

വൈകുന്നേരം ദീപാരാധനയും തുടര്‍ന്ന് പടിപൂജ, പുഷ്പാഭിഷേകം എന്നിവയും നടന്നു. വൈകിട്ട് അഞ്ചു മണി മുതല്‍ തന്നെ പടിപൂജ ദര്‍ശനത്തിനായി അയ്യപ്പന്മാര്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇരുപത്തൊന്നാം തീയതി വരെ പൂജകള്‍ തുടരും. ഞായറാഴ്ചയും ലക്ഷാര്ച്ചനയുണ്ട്. ഇരുപത്തൊന്നു ബുധനാഴ്ച രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :