വയലാര്‍ രാമവര്‍മയുടെ സമകാലികനായ തമിഴ് ഗാനരചയിതാവ് കണ്ണദാസനെ പറ്റിയും രജനീകാന്ത് ഓര്‍മിച്ചു. കമ്പരാമായണം (എഴുത്തച്ഛന്‍ മലയാളത്തില്‍ എഴുതിയ അദ്ധ്യാത്മരാമായണം പോലെ, തമിഴില്‍ കമ്പര്‍ എഴുതിയ രാമായണമാണ് കമ്പരാമായണം) കത്തിച്ച് കളയണം എന്ന അഭിപ്രായക്കാരന്‍ ആയിരുന്നുവെത്രെ നിരീശ്വരവാദിയായ കണ്ണദാസന്‍. ഒരിക്കല്‍ അതിനായി കണ്ണദാസന്‍ മുതിര്‍ന്നു. കയ്യില്‍ കമ്പരാമായണം, തീപ്പെട്ടി, മണ്ണെണ്ണ.. കൊളുത്തുകയേ വേണ്ടൂ. എന്നാല്‍ കൊളുത്തിയില്ല. ‘സംഗതി എന്തായാലും ഒന്ന് വായിച്ചതിന് ശേഷം കൊളുത്തിയേക്കാം’ എന്ന് കക്ഷി കരുതി. കമ്പരാമായണം വായിക്കാന്‍ തുടങ്ങിയ കണ്ണദാസന്‍ പിന്നെ മരണം വരെ അത് കൈവിട്ടില്ല എന്നത് ചരിത്രം.