രജനി-ജയയെ കാണാന്‍ അദ്വാനിയും മോഡിയും

രജനി-ജയ
ചെന്നൈ| WEBDUNIA|
PRO
PRO
തമിഴക മുഖ്യമന്ത്രി ജയലളിതയെയും സൂപ്പര്‍ താരം രജനീകാന്തിനെയും ബിജെപിയിലെ തലമുതിര്‍ന്ന നേതാക്കളായ അദ്വാനിയും നരേന്ദ്രമോഡിയും സന്ദര്‍ശിക്കും. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചോ രാമസ്വാമി നടത്തുന്ന തുഗ്ലക്ക് എന്ന പ്രസിദ്ധീകരണത്തിന്റെ നാല്‍‌പത്തിമൂന്നാം വാര്‍ഷികത്തിനാണ് ബിജെപി നേതാക്കള്‍ ശനിയാഴ്ച ചെന്നൈയില്‍ എത്തുന്നത്.

ശനിയാഴ്ച ഉച്ചയോടെ ചെന്നൈയില്‍ എത്തുന്ന രണ്ട് നേതാക്കളും നുങ്കമ്പാക്കത്തെ താജ് ഇന്റര്‍നാഷണലില്‍ അല്‍‌പസമയം വിശ്രമിക്കും. തുടര്‍ന്ന്, ഈയിടെ അന്തരിച്ച് ബിജെപി നേതാവായ സുകുമാരന്‍ നമ്പ്യാരുടെ (പഴയകാല തമിഴ് നടന്‍ എം‌എന്‍ നമ്പ്യാരുടെ മകന്‍) വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കും എന്നറിയുന്നു.

ഉച്ചതിരിഞ്ഞാണ് ജയലളിതയും രജനീകാന്തും താമസിക്കുന്ന പോയസ് ഗാര്‍ഡനില്‍ ഇരുനേതാക്കളും എത്തുക. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് നരേന്ദ്രമോഡി. രജനി ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ നരേന്ദ്രമോഡി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയത് വാര്‍ത്തയായിരുന്നു. രജനീകാന്തിനെ സന്ദര്‍ശിച്ചതിന് ശേഷമാണ് ജയലളിതയെ കാണാന്‍ ഇരുവരും എത്തുക.

വെറും സന്ദര്‍ശനമാണ് ഇതെന്ന് ബിജെപി നേതൃത്വം പറയുന്നുണ്ടെങ്കിലും തമിഴകത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കൂടിക്കാഴ്ചയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ജയലളിതയുടെ എ‌ഐ‌എ‌‌ഡി‌എംകെയും രജനീകാന്തും ബിജെപിയും ഒന്നുചേര്‍ന്നാല്‍ വെള്ളം ചോരാത്ത ഒരു മുന്നണി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിജെപി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ചോ എന്നതിനാല്‍ ഇങ്ങനെയൊരു സാധ്യത തള്ളിക്കളയാന്‍ ആകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :