ഈ ഐസ്ക്രീമിലുള്ളത് പട്ടച്ചാരായവും തീര്‍ത്ഥജലവും!

WEBDUNIA|
PRO
ലണ്ടനിലെ വിവാദഷോപ്പായ ഐസ്ക്രീമിസ്റ്റ്സിനെയും ഉടമയായ മാറ്റ് ഒ കോണോറിനെയും ഓര്‍മയില്ലേ? മുലപ്പാലില്‍ നിന്ന് ഐസ്ക്രീം ഉണ്ടാക്കി മാധ്യമങ്ങളില്‍ ഇടം പിടിച്ച ഈ ഷോപ്പിതാ വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നു. ഇത്തവണ, ഒരല്‍‌പം കടന്നകയ്യായിപ്പോയില്ലേ ഐസ്ക്രീമിസ്റ്റ്സിന്റെ പരീക്ഷണം എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. കാരണം, ഒരപൂര്‍വ കോമ്പിനേഷന്‍ ഉപയോഗിച്ചാണ് പുതിയ ഐസ്ക്രീം ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അബ്സിന്തെ എന്ന പട്ടച്ചാരായവും ഫ്രാന്‍സിലെ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ നിന്നുള്ള തീര്‍ത്ഥജലവുമാണ് ‘ഹോളി വാട്ടര്‍ ഐസ് ലോലി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഐസ്ക്രീമിലുള്ളത്.

ആര്‍ട്ടിമിസിയ അബ്സിന്തിയം എന്ന ചെടിയുടെ പൂവും ഇലകളും ശതകുപ്പ, പെരും‌ജീരകം തുടങ്ങിയ മറ്റനേകം ചേരുവകളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ‘നീറ്റ്’ ചാരായമാണ് അബ്സിന്തെ. പച്ചനിറത്തിലുള്ള ഈ ഡ്രിങ്കിന്, ആല്‍‌ക്കഹോളിന്റെ അളവ് വളരെയധികം ഉള്ളതിനാല്‍, ‘പച്ച യക്ഷി’ എന്നും വിളിപ്പേരുണ്ട്. വിന്‍സന്റ് വാന്‍‌ഗോഗ്, ഏണസ്റ്റ് ഹെമിംഗ്‌വേ, ഓസ്കാര്‍ വൈല്‍ഡ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഈ ഡ്രിങ്കിന്റെ ആരാധകരായിരുന്നു. വീര്യം പലമടങ്ങ് ആയതുകൊണ്ട് കാലങ്ങളായി പല രാജ്യങ്ങളും നിരോധിച്ചിരുന്ന അബ്സിന്തെ തൊണ്ണൂറുകളിലാണ് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റത്.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ തീര്‍ത്ഥാടന കേന്ദ്രമാണ് തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍‌സിലെ ലൂര്‍ദ്ദ്. 1858-ല്‍ പതിനാലുകാരിയായ ബെര്‍ണെദത്തെ സൌബിരൌസിന് കന്യകാമാതാവ് പതിനെട്ട് പ്രാവശ്യം പ്രത്യക്ഷപ്പെട്ടതോടെയാണ് ലൂര്‍ദ്ദ് ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇവിടെയുള്ള ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളിക്ക് അരികിലുള്ള അരുവിയിലെ ജലം തീര്‍ത്ഥജലമായിട്ടാണ് ക്രിസ്ത്യാനികള്‍ പരിഗണിക്കുന്നത്. ഒട്ടേറെ ഔഷധമൂല്യങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ തീര്‍ത്ഥജലം തീര്‍ത്തും സൌജന്യമായിട്ടാണ് ഭക്തജനങ്ങള്‍ക്ക് നല്‍‌കിവരുന്നത്.

“ഞാനൊരു ക്രിസ്ത്യാനിയാണ്. എന്റെ വിശ്വാസപ്രമാണങ്ങളെ വ്യക്തമാക്കുന്ന ഒരു ഐസ്ക്രീം എന്റെ സ്വപ്നവുമായിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ഐസ് ലോലി ഉണ്ടാക്കിയാലോ എന്നും ഞാന്‍ തീരുമാനം എടുത്തതാണ്. എന്നാല്‍ ഈയടുത്ത കാലത്ത് എനിക്കൊരാള്‍ ലൂര്‍ദ്ദിലെ തീര്‍ത്ഥജലം അയച്ചുതരികയുണ്ടായി. ഈ തീര്‍ത്ഥജലവും അബ്സിന്തെയും ഒരല്‍‌പ്പം ഷുഗറും ഉപയോഗിച്ച് ഞാന്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയും ഐസ് ലോലി എന്ന നിഷ്കളങ്കമായ ആശയം ‘ഹോളി വാട്ടര്‍ ഐസ് ലോലി’ എന്ന വിപ്ലവകരമായ ഉല്‍പന്നത്തിന് കാരണമാവുകയും ചെയ്തു‍” - പുതിയ ഐസ്ക്രീം കൂട്ട് ഉണ്ടായ കഥയെ പറ്റി മാറ്റ് ഒ കോണോര്‍ പറയുന്നു.

എത്ര വലിയ കുടിയനായാലും മൂന്ന് ‘ഹോളി വാട്ടര്‍ ഐസ് ലോലി’ കഴിച്ചാല്‍ നില്‍‌പ്പുറയ്ക്കില്ലെന്ന് മാറ്റ് ഒ കോണോര്‍ ഉറപ്പുതരുന്നു. തുടക്കക്കാര്‍ക്ക് ഒരെണ്ണം മതി. ഐസ്‌ ലോലിക്ക്‌ പച്ച നിറത്തിലുള്ള ഒരു തോക്കിന്റെ രുപമാണ്‌. കാര്യമൊക്കെ ശരി തന്നെ! ലണ്ടനിലെ കോവെന്റ് ഗാര്‍ഡനിലുള്ള ഐസ്ക്രീമിസ്റ്റ്സില്‍ പോയി ഒരെണ്ണം അടിക്കാം എന്ന് കരുതുന്നവരോട് ഒരു വാക്ക്. ഏകദേശം 1600 രൂപ നിങ്ങള്‍ മുടക്കേണ്ടിവരും. മൂന്നെണ്ണം കഴിക്കണമെങ്കില്‍ 4800 രൂപയാകും! മാധ്യമശ്രദ്ധ ലഭിച്ചതോ‍ടെ ഐസ്ക്രീമിസ്റ്റ്സിന് നല്ല പരസ്യമാണ് ലഭിച്ചുവരുന്നത്. എന്നാല്‍, തീര്‍ത്ഥജലം പട്ടയുമായി യോജിപ്പിച്ച് ഐസ്ക്രീമുണ്ടാക്കിയ കഥ കേട്ട് രസിക്കാന്‍ ക്രിസ്തീയസമൂഹം തയ്യാറാകുമോ എന്ന് കണ്ടുതന്നെ അറിയണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :