കേരളത്തില്‍ 32 ഗ്രാമങ്ങളായിട്ടാണ് ബ്രാഹ്മണര്‍ താമസമാരംഭിച്ചത്. അതില്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഗ്രാമമാണ് ഇരിങ്ങാലക്കുട. കുലീപതിമഹര്‍ഷിയോഗം യാഗം ചെയ്ത് ഇവിടം പുണ്യഭൂമിയാക്കിത്തീര്‍ത്തു. പിന്നീട് അവിടെ സ്ഥാപിച്ച യജ്ഞദേവന്‍റെ ക്ഷേത്രം ജൈന-ബൗദ്ധമതവും നമ്പൂതിരിമാരും, ശൈവ-വൈഷ്ണവസംഘര്‍ഷങ്ങളും മൂലം ഒരു സംഘര്‍ഷഭൂമിയായി.
കാലം കടന്നുപോയി. ആഭിചാര പൂജകള്‍ ചെയ്തു മൂര്‍ത്തിയുടെ ശക്തിക്ഷയം വരെ ഉണ്ടായി. അക്കാലത്ത് ചൈതന്യം വര്‍ദ്ധിപ്പിക്കാന്‍, പുനഃപ്രതിഷ്ഠ നടത്താന്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമുദ്രത്തില്‍ മീന്‍പിടിക്കാന്‍ പോയ മുക്കുവന്മാര്‍ക്ക് നാലു ദിവ്യവിഗ്രഹങ്ങള്‍ ലഭിച്ചതു വായ്ക്കല്‍ കയ്മളുടെ പക്കല്‍ ഉണ്ടെന്ന വാര്‍ത്ത അപ്പോഴാണ് ക്ഷേത്ര ഭരണയോഗക്കാര്‍ അറിഞ്ഞത്.
നാടുവാഴികളും യോഗക്കാരും ചേര്‍ന്ന് അതിലൊരു വിഗ്രഹംകൊണ്ടുവന്ന് യഥാവിധി ക്ഷേത്രത്തില്‍ ഇന്നു കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. ആ വിഗ്രഹം ഭരതന്‍റേതായിരുന്നു. ശ്രീരാമവിഗ്രഹം തൃപ്രയാറും ലക്സ്മണന്‍റെ മൂഴിക്കുളത്തും ശത്രുഘ്നന്‍റെ പായമേലും പ്രതിഷ്ഠിച്ചു.
ജലപ്രവാഹം ഇരുകൈവഴികളായി പ്രവഹിച്ചിരുന്നതിന്‍റെ മദ്ധ്യത്തില്‍ മണല്‍ വന്നുകൂടിയുണ്ടായ ഞാല്‍നിലങ്ങളുടെ അല്ലെങ്കില്‍ ഇരുചാലുകളുടെ ഇടയില്‍ ക്ഷേത്രനിര്‍മാണം ചെയ്തു ദേവപ്രതിഷ്ഠ കഴിച്ചതുകൊണ്ടാണ് ക്ഷേത്രത്തിന് ഇരുഞാല്‍കിട (ഇരുചാല്‍ക്കിടാ) എന്നു പേരുണ്ടായത്. (കൂനേഴത്ത് പരമേശ്വരമേനോന്‍-ലേഖനം). എന്നാല്‍ ഇന്ന് ക്ഷേത്രമേയുള്ളൂ. ഒന്നിടവിട്ട വര്‍ഷങ്ങളല്‍ കുറുമാലിപുഴയിലും ചാലക്കുടിപുഴയിലും ദേവനെ ആറാടിക്കുന്നു.
പുനപ്രതിഷ്ഠയ്ക്കുശേഷം വിഗ്രഹത്തില്‍ ദിവ്യജ്യോതിസ് കാണപ്പെട്ടു. മാണിക്യ കാന്തിയാണെന്ന് സംശയം തോന്നിയ ക്ഷേത്രഭരണക്കാര്‍ കായം കുളം രാജ-ാവിന്‍റെ പക്കലുള്ള മാണിക്യവുമായി ഒത്തുനോക്കാന്‍ തീരുമാനിച്ചു . ഭരണാധികാരികള്‍ കായംകുളം രാജാവിനെ സമീപിച്ച് വിവരം ഉണര്‍ത്തിച്ച് മാണിക്യം കേടുകൂടാതെ തിരിച്ചു നല്‍കാമെന്ന കരാറില്‍ രത്നം വാങ്ങി.
പുജാരി മാണിക്യം വിഗ്രഹത്തോട് ചേര്‍ത്തുപിടിച്ച് പ്രകാശങ്ങള്‍ തമ്മിലൊത്തുനോക്കി. എന്നാല്‍ നിമിഷനേരം കൊണ്ട് മാണിക്യക്കല്ല് വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു. മാണിക്യരത്നം വിഗ്രഹത്തോട് കൂടിച്ചേര്‍ന്നതുകൊണ്ട് അതിനുശേഷം ഇരിങ്ങാലക്കുടക്ഷേത്രം കൂടല്‍മാണിക്യം ക്ഷേത്രമെന്ന പേരില്‍ അറിയപ്പെട്ടു.