തിരുവിഴ മഹാദേവ ക്ഷേത്രം

PROPRO
ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുവിഴ മഹാദേവ ക്ഷേത്രം. സ്വയംഭൂവായ ശിവനാണ്‌ പ്രധാനമൂര്‍ത്തി. വിഷ്ണു, ശാസ്താവ്‌, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ്‌ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌. ഈ ക്ഷേത്രം ഏറ്റവും പ്രശസ്തമാകുന്നത്‌ കൈവിഷം ഛര്‍ദ്ദിപ്പിക്കല്‍ ചടങ്ങാണ്‌.

ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ ഒരു ഐതീഹ്യമുണ്ട്‌. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലം അറയ്ക്കല്‍ പണിക്കരുടേതായിരുന്നു. ഇവിടെയുണ്ടായിരുന്ന കുളത്തില്‍ ആമകളെ തേടിയിറങ്ങിയ ഉളളാട സ്ത്രീ കുത്തി നോക്കിയപ്പോള്‍ കൂര്‍ത്ത കോലിന്‍റെ അഗ്രം കുളത്തിലുണ്ടായിരുന്ന സ്വയംഭൂവായ ശിവലിംഗത്തിന്‍റെ മേല്‍ കൊണ്ട്‌ രക്തം വന്നു. ദേവസാന്നിധ്യം കണ്ടതുകൊണ്ട്‌ കുളം നികത്തി അമ്പലം പണിതുവെന്നാണ്‌ ഐതീഹ്യം.

ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നതാണ്‌ ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ഗര്‍ഭഗൃഹം ഭൂനിരപ്പില്‍ നിന്നും താഴെയാണ്‌. മഴ പെയ്താല്‍ ഇവിടെ വെള്ളം കയറും.

ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പ്രധാനപ്പെട്ടതാണ്‌ കൈവിഷം ഛര്‍ദ്ദിപ്പിച്ചു കളയാനുളള മരുന്നു നല്‍കല്‍. ഇതിനായി ദൂരദേശങ്ങളില്‍ നിന്നുപോലും ധാരാളം ഭക്തര്‍ എത്താറുണ്ട്‌. ജാതി മതഭേദമില്ലാതെയാണ്‌ ഇതിനായി ഭക്തര്‍ എത്തുന്നത്‌. ഒട്ടേറെ പ്രശസ്തരും ഇതില്‍പ്പെടും.

ആലപ്പുഴ ജില്ലയില്‍ തെക്കുംമുറി പഞ്ചായത്തില്‍ ചേര്‍ത്തല - ആലപ്പുഴ റൂട്ടില്‍ തിരുവിഴ സ്റ്റോപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ്‌ ക്ഷേത്രം. മീന മാസത്തിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവമുണ്ട്‌.
ആലപ്പുഴ| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :