ദക്ഷിണേന്ത്യയിലെ ആരോഗ്യസ്നാനഘട്ടം എന്നറിയപ്പെടുന്ന കുറ്റാലം തിരുനെല്‍വേലിയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണ്.
കൊല്ലത്തു നിന്ന് ചെങ്കോട്ടവഴി 60 കിലോമീറ്റര്‍ നീളുന്ന യാത്രയ്ക്കൊടുവില്‍ സുന്ദരമായ അതിര്‍ത്തിഗ്രാമത്തിലെത്തുകയായി നാം. തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കുന്നവര്‍ക്ക് നെടുമങ്ങാട്-ചെങ്കോട്ടവഴിയും കുറ്റാലത്തെത്താം.
സമുദ്രനിരപ്പില്‍നിന്ന് 450 അടി ഉയരത്തില്‍ പശ്ഛിമഘട്ടത്തിന്‍റെ ഭാഗമാണ് കുറ്റാലം. വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും സുഖകരമായ കാലാവസ്ഥയും വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
പേരരുവി, ചിറ്റരുവി, തേനരുവി, പുലി അരുവി, പഴയ കുറ്റാലം, ചെമ്പകാദേവി തുടങ്ങിയ ഒന്‍പത് വെള്ളച്ചാട്ടങ്ങള്‍ കുറ്റാലത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ഒട്ടേറെ ക്ഷേത്രങ്ങളും രണ്ട് ജലവൈദ്യുതപദ്ധതികളും കുറ്റാലത്തിന് അവകാശപ്പെടാനായുണ്ട്.
പുരാതനമായ ശിവക്ഷേത്രം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ചോളരാജാവായ രാജരാജചോളന്‍റെ കാലത്താണ് ഈ മഹാക്ഷേത്രം നിര്‍മിക്കപ്പെട്ടത്. മൂലവിഗ്രഹം പരമശിവന്‍റേതാണ്.
വൈഷ്ണവ ചൈതന്യത്താല്‍ അനുഗൃഹീതമായ ഈ ഭൂവില്‍ ശിവപ്രതിഷ്ഠ നടത്തിയത് അഗസ്ത്യനാണെന്ന് ഐതിഹ്യം. മധുര ഭരിച്ചിരുന്ന രാജാക്കന്മാര്‍ കുറ്റാലത്ത് പതിവായി എത്തുമായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ ഇന്ന്, നിപതിക്കുന്ന നീരുറവകള്‍ കാണുന്ന ലാഘവത്തോടെ ക്ഷേത്രത്തിന്‍റെ ശില്പചാതുര്യമാസ്വദിച്ച് യാത്രികര്‍ മടങ്ങുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം ഏറെക്കുറെ തിരസ്കൃതമായ അവസ്ഥയിലാണെന്നു പറയാം. വിനോദസഞ്ചാരികള്‍ക്ക് വെറും കൗതുകം മാത്രം.
ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ വിനോദസഞ്ചാരത്തിന് അനുയോജ്യമായ കാലാവസ്ഥയാണ്. പഴയകാല അവഗണനകളൊക്കെ മറന്ന് കുറ്റാലം കാത്തിരിക്കുന്നു; നമ്മെ സന്തോഷിപ്പിക്കാനായി.