പൊളിവചനങ്ങളുടെ ഓണം

WEBDUNIA|
ഓണം എന്ന് കേള്‍ക്കുമ്പോഴേ മലയാളിയുടെ മനസില്‍ സന്തോഷം കളിയാടും. എന്നോ കൊഴിഞ്ഞ് പോയ കാലത്തെ കുറിച്ചുള്ള സുന്ദരമായ ഒരോര്‍മ്മ. ഒരു ഗൃഹാതുരത്വം.

മഹാബലിയും വാമനനും ഒക്കെ ചേര്‍ന്നുള്ള സുന്ദരമായ ഒരു മിത്ത്. അങ്ങനെ ഒരു കാലം ഉണ്ടായിരുന്നോ? കള്ളവും ചതിവും ഇല്ലാത്ത കാലം. എല്ലാവരുടെയും മനസില്‍ ഇങ്ങനെ ഒരു സുന്ദരമായ കാലം ഉണ്ടായിക്കാണാനുള്ള ആഗ്രഹമുണ്ടാവണം. അതുകൊണ്ടാണല്ലോ മലയാളി കാണം വിറ്റും ഓണം ഉണ്ണുന്നത്.

പക്ഷേ, ഇന്നത്തെ കാലത്ത് കാണം വിറ്റും ഓണം ഉണ്ണണം, എള്ളോളമില്ല പൊളിവചനം തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് വിപരീതാര്‍ത്ഥമല്ലേ കല്‍പ്പിക്കപ്പെടുന്നത് എന്നാണ് സംശയം. നാട്ടിലെമ്പാടും പൊളിവചനങ്ങളല്ലേ ഉള്ളൂ. മലയാളിയുടെ കീശ ചോര്‍ത്താന്‍ എത്രയോ പൊള്ളയായ പരസ്യവാചകങ്ങളാണ് നാട്ടില്‍ കാണാന്‍ കഴിയുക. ഇതൊക്കെ കണ്ടു ഭ്രമിക്കുന്ന മലയാളി ചതിയിലല്ലേ പെടുന്നത്.

മലയാളിയുടെ കാശ് ചോര്‍ത്താനായി ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും വ്യാപാരികളെത്തുന്നു. മലയാളി ഓണത്തിന് കാശ് പൊടിക്കുമെന്ന് അവര്‍ക്കുമറിയാം. ഏതാനും ദിവസം കൊണ്ട് ലക്ഷങ്ങളുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ മടങ്ങും. പക്ഷേ, ഇതൊക്കെ ബാധിക്കുന്നത് മലയാളിയുടെ സാമ്പാദ്യ ശീലത്തെയാണ്. അല്ലെങ്കിലും കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പഴമൊഴി.

ഈ ഓണത്തിനും വമ്പന്‍ ഓഫറുകളുമായി ദേശീയവും വിദേശീയവുമായ ബ്രാന്‍ഡുകള്‍ വില്പനയ്ക്കുണ്ട്. 600-700 കോടി രൂപയ്ക്കുള്ള ഗൃഹോപകരണ, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളാണ് വില്പനയ്ക്കായി എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാ‍ണ് ഇത്.

കടം വാങ്ങിയെങ്കിലും ഈ സാധനങ്ങള്‍ മലയാളി വാങ്ങുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പ്രതീക്ഷ തെറ്റാന്‍ ഇടയില്ല. നമ്മുടെ ശീലവും മറ്റും മാറിക്കഴിഞ്ഞെന്ന് അവര്‍ക്കറിയാം.

കേരളത്തില്‍ ഒരു വര്‍ഷം നടക്കുന്ന വില്‍പനയുടെ പകുതിയും ഓണക്കാലത്താണ് നടക്കുന്നതെന്ന് കണക്കുകള്‍ സാക്‍ഷ്യപ്പെടുത്തുന്നു. അതായത് ഓണം മലയാളി ‘അടിച്ച് പൊളിക്കുക’ തന്നെ ചെയ്യും. ഈ അടിച്ചു പൊളി തന്നെയാണ് കുത്തകള്‍ക്ക് സന്തോഷം പകരുന്നതും.

കാശ് കയ്യിലിലെങ്കിലും കുഴപ്പമില്ല. ക്രെഡിറ്റ് കാര്‍ഡ് കാണിച്ചാല്‍ മതിയല്ലോ. കാശ് സമയത്ത് ലഭിച്ചില്ലെങ്കില്‍ ഒന്ന് വിരട്ടിയാല്‍ അത് ലഭിക്കുമെന്ന് ഉറപ്പാണ്. പിന്നെതു ഭയക്കാന്‍?

ഇനി പറയൂ. പോയ കാലത്തെ സുന്ദര സ്മൃതികളെ വരവേല്‍ക്കാന്‍ പൊളിവചനങ്ങളുടെ പൂരമല്ലേ എങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :