സൌദിയിലെ ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ വന്‍ പ്രതിഷേധം

ജിദ്ദ| WEBDUNIA| Last Modified ചൊവ്വ, 11 ജൂണ്‍ 2013 (17:10 IST)
WD
WD
സൌദിയിലെ ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റിനു മുന്നിലെ പ്രതിഷേധത്തില്‍ തീവെയ്പും കലാപവും. അനധികൃത താമസക്കാരായ ഇന്തോനേഷ്യന്‍ പ്രവാസികള്‍ തങ്ങളുടെ പുതിയ പാസ്പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കാനും പഴയത് പുതുക്കാനുമായി വന്നതിനുശേഷം കലാപം സൃഷ്ടിക്കുകയായിരുന്നു.

സൌദിയിലെ കോണ്‍സുലേറ്റ് അധികൃതരുടെ അനാസ്ഥയിലും മെല്ലപ്പോക്കിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. കലാപത്തിലെ തിക്കിലും തിരക്കിലും ഒരു സ്ത്രീ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോണ്‍സുലേറ്റിന്റെ ഒരു ഭാഗത്ത് തീ പിടിച്ചതിനെ തുടര്‍ന്ന് കോണ്‍സുലേറ്റിനു ചുറ്റും ദിവസങ്ങളായി താമസിക്കുന്നവരുടെ ടെന്റിന് തീ പിടിക്കുകയും നിരവധി പേര്‍ക്ക് ശ്വാസതടസമനുഭവപ്പെടുകയും ചെയ്തു.

തൊഴില്‍, താമസ രേഖകള്‍ നിയമാനുസൃതമാക്കാന്‍ സൌദി ഭരണാധികാരി അബ്ദുല്ല രാജാവ് അനുവദിച്ച ഇളവുകള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി പ്രവാസികള്‍ കോണ്‍സുലേറ്റിനു മുന്നില്‍ കുടിലുകള്‍ കെട്ടി താമസിച്ച് വരികയായിരുന്നു.

അക്രമാസക്തമായ പ്രകടനങ്ങളും കലാപങ്ങളും രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് അനുവദിക്കുന്നതല്ലെന്ന് പൊലീസ് മേധാവി പറഞ്ഞു. ഇന്തോനേഷ്യന്‍ പ്രവാസികളെ ബോധവല്‍കരിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :