സൗദി അറേബ്യയിലെ തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നത് 3,600 മലയാളികള്‍. ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉത്തര്‍ പ്രദേശുകാര്‍. സംസ്ഥാനാടിസ്ഥാനത്തില്‍ മലയാളികള്‍ ആറാം സ്ഥാനത്താണ്. മേയ് 20 വരെയുള്ള കണക്ക് പ്രകാരം ഏതാണ്ട് 75,000 പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ താല്‍ക്കാലിക യാത്രാ രേഖയായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് (ഇസി) ഇന്ത്യന്‍ മിഷനെ സമീപിച്ചത്. ഇതില്‍ 56,734 പേരുടെ അപേക്ഷയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. 3610 മലയാളികളാണ് അപേക്ഷിച്ചത്.
അതേസമയം, ഉത്തര്‍ പ്രദേശ്- 21,333, ആന്ധ്ര പ്രദേശ്- 8695, പശ്ചിമ ബംഗാള്‍- 7913, മഹാരാഷ്ട്ര- 7000, തമിഴ്നാട്- 5430, ബിഹാര്‍- 3035, രാജസ്ഥാന്‍- 2504 എന്നിങ്ങനെയാണ് ഔട്ട് പാസിന് അപേക്ഷിച്ചതിന്‍െറ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനക്കാരുടെ എണ്ണം. ഇതിനുപുറമെ, ജമ്മു-കശ്മീര്‍, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനക്കാരുമുണ്ട്. നിതാഖാതും അനുബന്ധ പ്രശ്നങ്ങളും മലയാളികളെ മാത്രം പ്രതികൂലമായി ബാധിക്കുന്ന വിഷയമാണെന്നും സൗദിയില്‍നിന്ന് മലയാളികള്‍ വന്‍തോതില്‍ നാട്ടിലേക്ക് മടങ്ങുന്നുവെന്നുമുള്ള തരത്തില്‍ പ്രചാരണം നടക്കുന്നതിനെതിരെ ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം ശക്തമായി രംഗത്തുവന്നിരുന്നു.
ഏറ്റവും കൂടുതല്‍ പേര്‍ മടങ്ങുന്നത് യുപിയിലേക്കാണെന്നും അവരുടെ പ്രതിസന്ധി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞ ചില മാധ്യമങ്ങള്‍, ഇത് മലയാളികളുടെ മാത്രം പ്രശ്നമല്ലെന്ന് വ്യക്തമാക്കി. ഏതാണ്ട് 75,000 ഇന്ത്യക്കാര്‍ മടങ്ങേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.