ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 2 ജൂലൈ 2009 (14:53 IST)
മാര്‍ക്ക് തട്ടിപ്പ് കേസില്‍ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആര്‍ രഘുപതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഡിഎംകെ നേതാവും കേന്ദ്ര മന്ത്രിയുമായ എ രാജ ആണെന്ന് എഐഡിഎംകെ.
രാജയ്ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം എന്നും മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും എഐഡിഎംകെ അധ്യക്ഷ ജയലളിത ആവശ്യപ്പെട്ടു. കുറ്റാരോപിതനായ മന്ത്രിക്കെതിരെ കോടതി അലക്‍ഷ്യത്തിന് നടപടി സ്വീകരിക്കണം എന്ന് ബാര്‍കൌണ്‍സില്‍ ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ജയലളിതയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് രാജ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് ജസ്റ്റിസ് രഘുപതി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മാര്‍ക്ക് ഷീറ്റ് തിരുത്തിയ കേസില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഡോക്ടര്‍ ആയ പിതാവിനും ജാമ്യം നല്‍കുന്നതിന് ഒരു കേന്ദ്ര മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍. മന്ത്രിയുടെ പേര് വെളിപ്പെടുത്തിയില്ല എങ്കിലും കുറ്റാരോപിതന്‍ നിരുപാധികം മാപ്പ് പറയണം എന്ന് ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.
രാജയുടെ ജില്ലയില്‍ നിന്നുള്ള ഡോ. കൃഷ്ണമൂര്‍ത്തിയും മകന്‍ കിരുബ ശ്രീധറുമാണ് കേസിലെ പ്രതികള്‍. ഇവരെ മന്ത്രിക്ക് നേരിട്ടറിയാമെന്ന് ചില അനുയായികള്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.