മഹാരാഷ്ട്ര രാഷ്ട്രപതി ഭരിക്കണം: പാസ്വാന്‍

WD
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. ഉത്തരേന്ത്യന്‍ വിരുദ്ധ നിപാട് സ്വീകരിച്ചിരിക്കുന്ന രാജ് താക്കറെയെയും ബാല്‍ താക്കറെയെയും രാജ്യദ്രോഹ കുറ്റവും കൊലപാതക കുറ്റവും ചുമത്തി വിചാരണ ചെയ്യണം എന്നും പാസ്വാന്‍ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 355 ആം വകുപ്പ് അനുസരിച്ച് വിലാസറാവു ദേശ്മുഖ് സര്‍ക്കാരിന് ഇതേവരെ മുന്നറിയിപ്പ് നല്‍കിയിട്ടില്ല എങ്കില്‍ ഇനി അതിന്‍റെ ആവശ്യമില്ല, സര്‍ക്കാരിനെ ഉടന്‍ തന്നെ പിരിച്ചുവിടണം.

ഉത്തരേന്ത്യക്കാര്‍ക്ക് എതിരെ മഹാരാഷ്ട്രയില്‍ നടന്നുവരുന്ന ആക്രമണങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച എല്‍‌ജെപി നേതാവ്, എം‌എന്‍‌എസ് നേതാവ് രാജ് താക്കറെയ്ക്കും അമ്മാവന്‍ ബാല്‍ താക്കറെയ്ക്കും എതിരെ കൊലപാതകത്തിനും രാജ്യദ്രോഹ കുറ്റത്തിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

നിസ്സഹായരായ ബീഹാറികള്‍ക്കെതിരെ എം‌എന്‍‌എസ് നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനെത്തിയ രാഹുല്‍ രാജിനെ മുംബൈ പൊലീസ് വെടിവച്ചു കൊന്നതിനെയും തൊട്ടടുത്ത ദിവസം തന്നെ ധരംദേവ് റായി എന്ന ഉത്തര്‍പ്രദേശുകാരന്‍ തൊഴിലാളിയെ പ്രാദേശിക വാദികള്‍ അടിച്ചു കൊന്നതിനെയും പാസ്വാന്‍ നിശിതമായി വിമര്‍ശിച്ചു.

രാഹുല്‍ രാജിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാസ്വാന്‍. രാഹുല്‍ രാജിനെ വെടിവച്ചു കൊന്നതിനെ കുറിച്ച് സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിംഗ് ജഡ്ജി തലവനായുള്ള സമിതി അന്വേഷിക്കണമെന്ന് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പാസ്വാന്‍ പറഞ്ഞു.
പാറ്റ്ന| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :