‘സുന്ദരിമാരായ പെണ്മക്കളെ വേണോ? എങ്കില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ!‘- നമ്മുടെ കരസേനയെ പുലിവാല്‍ പിടിപ്പിച്ച ഒരു പരസ്യവാചകമാണിത്. സേനയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഷില്ലോംഗിലെ റിക്രൂട്ട്മെന്റ് സെന്റര്‍ നല്‍കിയ പരസ്യമാണ് ഇപ്പോള്‍ വിപരീത ഫലം ചെയ്തിരിക്കുന്നത്. വിവാദ പരസ്യവാചകവുമായി റിക്രൂട്ട്മെന്റ് സെന്റര്‍ സ്ഥാപിച്ച ബില്‍ ബോര്‍ഡ് നീക്കം ചെയ്യാന്‍ ആര്‍മി ഹെഡ്‌ക്വാട്ടേഴ്സ് ഉത്തരവിടുകയും ചെയ്തു.
പരസ്യവാചകത്തിനൊപ്പം ബോളിവുഡ് സുന്ദരിമാരുടെ ചിത്രങ്ങളും ബില്‍ ബോര്‍ഡില്‍ ഉണ്ട്. ഗുല്‍ പനാഗ്, പ്രിയങ്ക ചോപ്ര, സുസ്മിത സെന്‍, നൂപുര്‍ മേത്ത, സെലീന ജെയ്റ്റ്ലി തുടങ്ങിയ നടിമാരുടെ ചിത്രങ്ങളാണിവ. ഈ നടിമാരുടെ മാതാപിതാക്കള്‍ രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പ്രവര്‍ത്തിച്ചവരാണ്. ഇതെല്ലാം കൂട്ടിയിണക്കി ചിന്തിച്ച റിക്രൂട്ട്മെന്റ് സെന്ററിലെ ഏതോ ഒരാളുടെ തലയില്‍ ഉദിച്ച ആശയമാകാം പരസ്യവാചകത്തിന് പ്രേരണയായത്.
തങ്ങളോട് ആലോചിക്കാതെയാണ് ഇങ്ങനെ ഒരു പരസ്യബോര്‍ഡ് സ്ഥാപിച്ചതന്നെ സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സേന മുന്നറിയിപ്പ് നല്‍കി. വിവാദ പരസ്യത്തിന്റെ ചിത്രമെടുത്ത് ആളുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്ത് ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് വിഷയം സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്.