ഹോട്ടല്‍ മുറിയില്‍ വച്ച് സുപ്രീംകോടതി ജഡ്ജി തന്നെ പീഡിപ്പിച്ചതായി അഭിഭാഷക

ന്യൂഡല്‍ഹി| WEBDUNIA|
PRO
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തെ നിയമസംവിധാനങ്ങള്‍ പോരാടുമ്പോള്‍ സുപ്രീംകോടതി ജഡ്ജി തന്നെ പീഡിപ്പിച്ചതായി അഭിഭാഷകയുടെ വെളിപ്പെടുത്തല്‍.

അടുത്തിടെ വിരമിച്ച പ്രമുഖ ജഡ്ജിക്ക് കീഴില്‍ ഡിസംബറില്‍ താന്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോഴാണ് പീഡനത്തിനിരയായതെന്നും അവര്‍ ആരോപിച്ചു. മറ്റു മൂന്നു പേരെയും റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി അപമാനിച്ചതായി അറിയാന്‍ സാധിച്ചെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ജുറിഡിക്കല്‍ സയന്‍സില്‍ നിന്നും നിയമ ബിരുദധാരിയായ അഭിഭാഷകയാണ് രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിയില്‍ നിന്നും തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

ഈ മാസം ആറിന് ജേണല്‍ ഓഫ് ഇന്ത്യന്‍ ലോ ആന്റ് സൊസൈറ്റി എന്ന ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് തനിക്ക് നേരിടേണ്ടിവന്ന് പീഡനം വിവരിച്ചത്.

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം കൊടുമ്പിരിക്കൊള്ളവെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ തന്റെ മുത്തഛന്റെ പ്രായമുള്ള ജഡ്ജി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ബ്ലോഗില്‍ ഇവര്‍ കുറിച്ചത്.

ലീഗലി ഇന്ത്യ എന്ന മറ്റൊരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിഭാഷക തന്റെ ആരോപണം ആവര്‍ത്തിച്ചു. മറ്റു ജഡ്ജിമാരില്‍ നിന്നും പീഡനമേല്‍ക്കേണ്ടിവന്ന നാല് പെണ്‍കുട്ടികളെ തനിക്കറിയാമെന്നും അഭിമുഖത്തില്‍ അഭിഭാഷക കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവര്‍ ഇത്തരം കെണിയിലകപ്പെടാതിരിക്കാനാണ് താനിത് വെളിപ്പെടുത്തുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പരമോന്നത നീതിപീഠത്തിന്റെ ഉന്നതപദവിയില്‍ ഇരുന്ന ഒരാള്‍ക്കെതിരെയാണ് യുവ അഭിഭാഷക രംഗത്തുവന്നിരിക്കുന്നത്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സൂപ്രീം കോടതി മൂന്നംഗ സമിതി രൂപീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :