ഹൈക്കമാന്‍ഡിനെ മാത്രം അനുസരിക്കും: റോസയ്യ

ഹൈദരാബാദ്| WEBDUNIA| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2009 (16:07 IST)
ആന്ധ്രപ്രദേശില്‍ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്ത് തന്നെയായാലും അത് അംഗീകരിക്കുമെന്ന് ഇടക്കാല മുഖ്യമന്ത്രി കെ റോസയ്യ. ഇതോടെ, ഹൈക്കമാന്‍ഡിനെ ധിക്കരിച്ച് ജഗന്‍‌മോഹനെ പിന്തുണയ്ക്കില്ല എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിയാവുന്നതിനെ കുറിച്ച് വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കില്ല. ഹൈക്കമാന്‍ഡ് എന്ത് പറയുന്നോ അത് അനുസരിക്കും, രാജശേഖര റെഡ്ഡിയുടെ മകന്‍, വൈ എസ് ജഗന്‍‌മോഹന്‍ റെഡ്ഡിക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കുന്നതിനു വേണ്ടി മുഖ്യമന്ത്രി സ്ഥാനം നിരസിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ജഗന്‍‌മോഹനെ പിന്തുണയ്ക്കുന്നവര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അതിനായി പ്രമേയം പാ‍സാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയായ നടപടിയല്ല, റോസയ്യ വ്യക്തമാക്കി. ഇതോടെ ആന്ധ്ര രാഷ്ട്രീയത്തിലെ മറനീക്കി പുറത്തു വന്നിരിക്കുകയാണ്.

റോസയ്യ മുഖ്യമന്ത്രിയായ ശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തില്‍ ജഗന്‍‌മോഹനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് 36 മന്ത്രിമാര്‍ അംഗീകരിച്ച പ്രമേയം പാസാക്കി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുശേഷം മന്ത്രിമാരുടെ ഒപ്പില്ലാതെ പേരുമാത്രം ഉള്‍പ്പെടുത്തിയ കത്ത് ഹൈക്കമാന്‍ഡിന് നല്‍കി എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

രാഷ്ട്രീയ പരിചയമില്ലാത്ത 37കാരനായ ജഗന്‍‌മോഹനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് താല്‍‌പ്പര്യമില്ല എന്നാണ് സൂചന. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയം ലഭിക്കാനായാണ് 77കാരനായ ധനമന്ത്രി റോസയ്യയെ താല്‍ക്കാലിക മുഖ്യമന്ത്രിയായി നിയോഗിച്ചത് എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പുരന്ദരേശ്വരി, പല്ലം രാജു, ജയ്പാല്‍ റെഡ്ഡി, ഡി ശ്രീനിവാസ് തുടങ്ങിയവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ നീക്കം നടത്തുന്നതായി സൂചനയുണ്ട്. ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനു ശേഷം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുമെങ്കിലും ഹൈക്കമാന്‍ഡിന്റെ വ്യക്തമായ നിര്‍ദ്ദേശത്തോടെയാവും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :