ഹേമമാലിനിയെച്ചൊല്ലി കര്‍ണാടക ബിജെപിയില്‍ കലാപം

ബാംഗ്ലൂര്‍| WEBDUNIA|
PRO
നടി ഹേമമാലിനിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയ വിഷയത്തില്‍ കര്‍ണ്ണാടക ബി ജെ പിയില്‍ കലാപക്കൊടി. സംസ്ഥാനത്ത് തങ്ങള്‍ക്കുള്ള ഒരേയൊരു രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നടി ഹേമമാലിനിയെ മത്‌സരിപ്പിക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഹേമമാലിനിയുടെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടി അംഗങ്ങളില്‍ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് നിന്നു തന്നെയുള്ള ഒരാളെ ഏകകണ്ഠമായി തെരഞ്ഞെടുക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

മുന്‍ കേന്ദ്രമന്ത്രി വി ധനഞ്ജയകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോടാണ് തനിക്ക് ആഭിമുഖ്യമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തോട് വ്യക്തമാക്കിക്കഴിഞ്ഞു. ഹേമമാലിനിയുടെ പേര് നിര്‍ദ്ദേശിച്ചത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എച് എന്‍ അനന്ത് കുമാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാ‍ല്‍ യെദ്യൂരപ്പയും അനന്ത് കുമാറും ശത്രുക്കളെപ്പോലെയാണെന്നാണ് പാര്‍ട്ടി ക്യാമ്പിലെ സംസാരം.

എന്നാല്‍ യെദ്യൂരപ്പ ഇക്കാര്യങ്ങള്‍ നിഷേധിച്ചു. തന്റെ അറിവോടുകൂടിയാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹേമമാലിനിയുടെ പേരു പരിഗണിക്കണമെന്ന് സംസ്ഥാനത്ത് നിന്നു ആവശ്യപ്പെടുക പോലും ചെയ്യും മുമ്പേ കേന്ദ്രനേതൃത്വം അത് പ്രഖ്യാപിച്ചു എന്നതാണ് ഏറെ രസകരം. തമിഴ്നാട്ടിലും പശ്ചിമബംഗാളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹേമമാലിനിയുടെ താരസാന്നിധ്യം ഗുണം ചെയ്യും എന്നതിനാലാണ് ബി ജെ പി ഈ വഴിക്ക് ചിന്തിച്ചത്.

2003ല്‍ വാജ്പേയി സര്‍ക്കാരാണ് ഹേമമാലിനിയെ ആദ്യമായി രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചത്. 2009ലാണ് ഇവരുടെ കാ‍ലാവധി അവസാനിച്ചത്. മാര്‍ച്ച് മൂന്നിനാണ് രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുക. എം രാജശേഖര മൂര്‍ത്തിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :