സുഷമയെയും ജെയ്റ്റ്ലിയെയും പൊലീസ് തടഞ്ഞു

ജമ്മു| WEBDUNIA|
PTI
ബി ജെ പി നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, അനന്ത് കുമാര്‍ എന്നിവരെ കശ്മീരില്‍ പൊലീസ് തടഞ്ഞു. റിപ്പബ്ലിക്‌ ദിനത്തില്‍ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താനുള്ള ചടങ്ങിന്‍റെ ഭാഗമായി കശ്മീരിലെത്തിയതായിരുന്നു ബി ജെ പി നേതാക്കള്‍. ജമ്മു വിമാനത്താവളത്തിലാണ് പൊലീസ് ഇവരെ തടഞ്ഞത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഇവരെ അനുവദിച്ചില്ല. ഡല്‍ഹിയിലേക്ക്‌ മടങ്ങിപ്പോകാന്‍ അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ അത് തള്ളിക്കളഞ്ഞു. ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി സുഷമയുള്‍പ്പടെയുള്ള നേതാക്കള്‍ വിമാനത്താവളത്തിനകത്ത് ധര്‍ണ ആരംഭിച്ചു.

“ഇത് അടിയന്തിരാവസ്ഥക്കാലത്തേതു പോലെയുള്ള നടപടിയാണ്. പൌരസ്വാതന്ത്ര്യം ഇവിടെ ഹനിക്കുകയാണ്. ഇത് അംഗീകരിച്ചുതരാനാവില്ല” - അനന്ത് കുമാര്‍ പറഞ്ഞു.

ബി ജെ പി നേതാക്കളെ വിമാനത്താവളത്തില്‍ തടയുമ്പോള്‍, പുറത്ത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. സംഭവമറിഞ്ഞ് പുറത്തുള്ള പ്രവര്‍ത്തകര്‍ റോഡ് ഗതാഗതം തടഞ്ഞു.

എന്നാല്‍, എന്തുവിലകൊടുത്താലും ഏകതാ യാത്രയുമായി മുന്നോട്ട്‌ പോകുമെന്ന് ബി ജെ പി നേതാക്കള്‍ അറിയിച്ചു. നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞ പൊലീസിന്‍റെ നടപടിയെ ബി ജെ പി അപലപിച്ചു. വിഘടനവാദികളെ സഹായിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :