തന്നെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തയ്യാറെടുക്കുന്നു. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെതിരെ നാളെ ഹൈക്കോടതിയെ സമീപിക്കാനാണ് യെദ്യൂരപ്പയുടെ തീരുമാനം.
ഗവര്‍ണര്‍ സ്ഥാനമേറ്റതുമുതല്‍ ഇന്നുവരെ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും (എസ്) നിര്‍ദേശപ്രകാരമാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും യെദ്യൂരപ്പ ആരോപിച്ചു. മന്ത്രിമാര്‍, കര്‍ണാടകയില്‍നിന്നുള്ള ബിജെപി എംപിമാര്‍, കേന്ദ്ര നേതാക്കള്‍ എന്നിവര്‍ക്കൊപ്പം നാളെ ഡല്‍ഹിയില്‍ രാഷ്ട്രപതിയെ നേരിട്ടു കണ്ടും യെയൂരപ്പ ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കും.
രാജിവെയ്ക്കുന്ന പ്രശ്നമില്ലെന്നും ഗവര്‍ണറുടെ രാഷ്ട്രീയപ്രേരിത നടപടിയെ അതേ നാണയത്തില്‍ തന്നെ നേരിടുമെന്നും യെദ്യൂരപ്പ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, കുറ്റവിചാരണയ്‌ക്ക് അനുമതി ലഭിച്ച അഭിഭാഷകര്‍ മുഖ്യമന്ത്രി, മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര, മരുമകന്‍ സോഹന്‍കുമാര്‍ എന്നിവരടക്കം 15 പേര്‍ക്കെതിരെ ലോകായുക്‌ത പ്രത്യേക കോടതിയില്‍ രണ്ടു ഹര്‍ജികള്‍ നല്‍കി.
ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം ആരംഭിക്കും. അതേസമയം, തിങ്കളാഴ്ച തന്നെ നാലു ഹര്‍ജികള്‍കൂടി സമര്‍പ്പിക്കുമെന്ന് അഭിഭാഷകരായ സിറാജിന്‍ പാഷയും കെ എന്‍ ബല്‍രാജും അറിയിച്ചു. ഇതിനിടെ, മുഖ്യമന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുള്ളതിനാലാണു കുറ്റവിചാരണയ്ക്ക് അനുമതി നല്‍കിയതെന്നു ഗവര്‍ണര്‍ വിശദീകരിച്ചു.