ഹെലികോപ്ടര്‍ ഇടപാട്: നേരറിയാന്‍ സിബിഐ ഇന്ന് ഇറ്റലിയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സംഘം ഇറ്റലിയിലേക്ക്. സിബിഐ സംഘം തിങ്കളാഴ്ച ഇറ്റലിയിലേക്ക് യാത്ര തിരിക്കും. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ പ്രതിനിധികളും സംഘത്തോടൊപ്പം പോകും.

ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യയ്ക്കു കൈമാറേണ്ടതില്ലെന്ന് ഇറ്റാലിയന്‍ കോടതി നിരീക്ഷിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇറ്റലിയിലെ പ്രോസിക്യൂട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണിത്. ഇറ്റലിയിലെ നിയമങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഇറ്റാലിയന്‍ അഭിഭാഷകന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികളുടെ സുരക്ഷയ്ക്കായി 2010ല്‍ ഇറ്റലിയില്‍ നിന്ന് വാങ്ങിയ ഹെലികോപ്ടറുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയത്. ഇറ്റലിയിലെ പ്രതിരോധനിര്‍മാണ കമ്പനിയായ ഫിന്‍മെക്കാനിക്കയും ഇന്ത്യയും തമ്മില്‍ 4000 കോടിയോളം രൂപയുടെ ഇടപാടാണ് നടത്തിയത്. ‘അഗസ്താ വെസ്റ്റ്‌ലന്‍ഡ്‌സ്' എന്നു പേരുള്ള 12 ഹെലികോപ്റ്ററുകള്‍ വില്‍ക്കാനായിരുന്നു കരാര്‍.

എന്നാല്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രതിരോധ ഗ്രൂപ്പായ ഫിന്‍ മെക്കാനിക്ക് മേധാവി ജോസഫ് ഓര്‍സിയെ ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജോസഫ് ഓര്‍സി 51 മില്യണ്‍ യൂറോ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇടപാടില്‍ മുന്‍വ്യോമസേനാ മേധാവി എസ് പി ത്യാഗി കോഴ വാങ്ങി എന്നും ആരോപണം ഉയര്‍ന്നു. ഇറ്റലിയുടെ അന്വേഷണത്തില്‍ ത്യാഗിയുടെ പങ്കിനെക്കുറിച്ച് സൂചനയുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ത്യാഗിയുടെ ഉറ്റബന്ധുക്കളായ സന്ദീപ് ത്യാഗി, ജൂലി, ഡോക്‌സ എന്നിവര്‍ ഒരു ലക്ഷം യൂറോ വീതം ഇറ്റാലിയന്‍ കമ്പനിയില്‍ നിന്ന് കോഴ വാങ്ങി എന്നായിരുന്നു വിവരം.

സംഭവം വിവാദമായതിനെത്തുടര്‍ന്നു കരാര്‍ റദ്ദാക്കാതിരിക്കാന്‍ കമ്പനിക്കു പ്രതിരോധ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഇന്ത്യയില്‍ ഇതേക്കുറിച്ചു സിബിഐ അന്വേഷണം നടത്താന്‍ പ്രതിരോധവകുപ്പ് ഉത്തരവിട്ടതിന് പിന്നാലെയാണ് സിബിഐ സംഘം ഇറ്റലിയിലേക്ക് തിരിക്കുന്നത്. കേസ് രേഖകള്‍ കിട്ടാന്‍ ഇറ്റാലിയന്‍ കോടതിയെ ഇന്ത്യ വീണ്ടും സമീപിച്ചേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :