പീഡനക്കേസ്: ബെര്‍ലൂസ്കോണിയുടെ ഹര്‍ജി കോടതി തള്ളി

റോം| WEBDUNIA| Last Modified ചൊവ്വ, 15 ജനുവരി 2013 (09:43 IST)
PRO
PRO
ലൈംഗിക പീഡനക്കേസില്‍ തനിക്കെതിരായ നടപടികള്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയില്‍ നിര്‍ത്തിവയ്ക്കണമെന്ന മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലൂസ്കോണിയുടെ ഹര്‍ജി കോടതി തള്ളി. കേസിലെ തുടര്‍നടപടികള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബെര്‍ലൂസ്കോണിയെ മോശമായി ബാധിക്കുമെന്നതിനാലാണ് തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന്‌ ബെര്‍ലൂസ്കോണിയുടെ അഭിഭാഷകന്‍ കോടതിയോടു അഭ്യര്‍ഥിച്ചത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിനായി പണം കൊടുത്ത് ഉപയോഗിച്ചുവെന്ന കേസാണ് ഏറ്റവും അവസാനം പുറത്തുവന്നത്. ഇതിനായി അധികാരം ദുരുപയോഗം ചെയ്തതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇത് പരിശോധിച്ച കോടതി വിചാരണ ആരംഭിക്കാന്‍ ഉത്തരവിടുകയാണുണ്ടായത്.

നിരവധി ലൈംഗിക തൊഴിലാളികള്‍ ബെര്‍ലൂസ്‌കോണിയുമായുള്ള ബന്ധം വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് വിഷയം കൂടുതല്‍ വിവാദമാക്കിയത്.

മിലാനില്‍ നൈറ്റ് ക്ലബിലെ ബെല്ലി ഡാന്‍സറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് റൂബി എന്ന് വിളിപ്പേരുള്ള പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് പാര്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. പെണ്‍കുട്ടി തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അതിനായി അധികാരം ദുരുപയോഗം ചെയ്യുന്നതും ഇറ്റലിയില്‍ 12 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 73 കാരനായ ബെര്‍ലൂസ്‌കോണിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :