ഹെലികോപ്ടര്‍ ഇടപാട്: ആന്റണി രാജിക്കൊരുങ്ങി, സോണിയ തടഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇറ്റാലിയന്‍ കമ്പനിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് എ കെ ആന്റണി പ്രതിരോധമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചു എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ട് ഇത് വിലക്കി. തന്റെ അഴിമതിരഹിത പ്രതിഛായയ്ക്ക് ഹെലികോപ്ടര്‍ ഇടപാട് വിവാദം മങ്ങലേല്‍പ്പിക്കും എന്ന് ആന്റണി ഭയക്കുന്നുണ്ട്. ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്ന് ആന്റണി അസ്വസ്ഥനാണ് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ നിരാശയാണ് രാജി തീരുമാനത്തിലേക്ക് നയിച്ചത്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഈ വിഷയം മുന്‍‌നിര്‍ത്തി പ്രതിപക്ഷം ആന്റണിയ്ക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ്. ഇടപാട് നടന്നത് ആന്റണി പ്രതിരോധവകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്താണ് എന്നതാണ് അദ്ദേഹത്തെ കുഴക്കുന്നത്. ആന്റണിയുടെ കീഴില്‍ മുന്‍വ്യോമസേനാ മേധാവിയായി സേവനം അനുഷ്ഠിച്ച എസ് പി ത്യാഗി ഇടപാടില്‍ കോഴ വാങ്ങി എന്ന ആരോപണവും അദ്ദേഹത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് ആന്റണി നീങ്ങേണ്ടതില്ല എന്നാണ് സോണിയയുടെ നിര്‍ദ്ദേശം.

ആദര്‍ശ രാഷ്ട്രീയത്തിന് കളങ്കമേല്‍ക്കാതിരിക്കാന്‍ ആന്റണി മുമ്പും പദവികള്‍ ത്യജിച്ചിട്ടുണ്ട്. 1994 ഡിസംബറില്‍ അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരിക്കെ പഞ്ചസാര കുംഭകോണവുമായി ആന്റണിക്കും ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്നായിരുന്നു രാജി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നടത്തിയ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം 2004ല്‍ കേരളാ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

വിവിഐപികളുടെ സുരക്ഷയ്ക്കായി 2010ല്‍ ഇറ്റലിയില്‍ നിന്ന് വാങ്ങിയ ഹെലികോപ്ടറുകളുമായി ബന്ധപ്പെട്ട ക്രമക്കേട് ആണ് പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിലെ പ്രതിരോധനിര്‍മാണ കമ്പനിയായ ഫിന്‍മെക്കാനിക്കയും ഇന്ത്യയും തമ്മില്‍ 4000 കോടിയോളം രൂപയുടെ ഇടപാടാണ് നടത്തിയത്. ‘അഗസ്താ വെസ്റ്റ്‌ലന്‍ഡ്‌സ്' എന്നു പേരുള്ള 12 ഹെലികോപ്ടറുകള്‍ വില്‍ക്കാനായിരുന്നു കരാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :