ധോണിക്കോ യുവ്‌രാജിനോ ഗംഭീറിനോ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒമ്പത് റണ്‍സിന്‍റെ തോല്‍വി. ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഒരു അടിപൊളി ത്രില്ലര്‍ തന്നെയായിരുന്നു ഈ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 325 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിന് മറുപടി പറയാന്‍ ബാറ്റേന്തിയ ഇന്ത്യ പക്ഷേ 316ന് മുട്ടുമടക്കി.
ഗൌതം ഗംഭീര്‍, അജിങ്ക്യ രഹാനെ, യുവ്‌രാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെഡ്‌വെല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. നാല്‍പ്പത്തിരണ്ടാം ഓവറില്‍ റെയ്‌നയുടെ വിക്കറ്റ് വീണതാണ് നിര്‍ണായകമായത്.
2006 മുതല്‍ ഇന്ത്യയില്‍ നടന്ന 13 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായിരുന്നു വിജയം. അതുകൊണ്ടുതന്നെ ഇന്നത്തെ വിജയം ഇംഗ്ലണ്ടിന് ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ്.
അവസാന 20 ഓവറുകളില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 150 റണ്‍സ് ആവശ്യമായിരുന്നു. അത് പത്ത് ഓവറുകളാകുമ്പോഴേക്കും 95 റണ്‍സ് വേണം എന്ന നിലയിലേക്കെത്തി.
ഇന്ത്യയുടെ ഇന്നിംഗ്സിലെ നാല്‍പ്പത്തഞ്ചാം ഓവറാണ് ഇംഗ്ലണ്ടിന് അനുകൂലമാക്കി കളി മാറ്റിയത്. 36 പന്തുകളില്‍ 57 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ എം എസ് ധോണിയും രവീന്ദ്ര ജഡേജയും ആ ഓവറില്‍ വീണു.
ധോണി ഏറ്റവും മികച്ച ഫോമിലായിരുന്നു. നാലു കൂറ്റന്‍ സിക്സറുകളാണ് അദ്ദേഹം പായിച്ചത്. 25 പന്തുകളില്‍ 32 റണ്‍സ്. ഇന്ത്യയെ ധോണി വിജയിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഒരു സ്ലോ ബോളില്‍ ആഞ്ഞുവീശി അദ്ദേഹം വിക്കറ്റ് കളഞ്ഞത്.
നേരത്തേ ഗംഭീര്‍ 52 റണ്‍സിനും രഹാനെ 47 റണ്‍സിനും യുവ്‌രാജ് സിംഗ് 61 റണ്‍സിനും പുറത്തായിരുന്നു. റെയ്നയും അര്‍ദ്ധസെഞ്ച്വറി നേടി.
ടോസ് നേടി ആദ്യമിറങ്ങിയ ഇംഗ്ലണ്ടിന്‍റെ കുക്കും ബെല്ലും ഇന്ത്യയെ പൊരിച്ചു. 11 ബൊണ്ടറികളും ഒരു സിക്സുമാണ് കുക്ക് നേടിയത്. ഒമ്പത് ബൌണ്ടറികളാണ് ബെല്‍ അടിച്ചുകൂട്ടിയത്. പീറ്റേഴ്സണ്‍(44), മോര്‍ഗന്‍(41) എന്നിവരും നല്ല സ്കോര്‍ നേടി. ക്രെയ്ഗ് കിസ്വെറ്റര്‍(24), എസ് ആര്‍ പാല്‍(44) എന്നിവര്‍ പുറത്താകാതെ നിന്നു.