ഹരിയാനയുടെ അക്രമാസക്തമായ സാമൂഹിക വ്യവസ്ഥിതി വീണ്ടും വാര്‍ത്തകളിലെത്തുന്നു. സംസ്ഥാനത്ത് വീണ്ടും കുടുംബത്തിന്റെ മാനം രക്ഷിക്കാനായുള്ള കൊലപാതകം നടന്നതായി റിപ്പോര്‍ട്ട്.
ഭയിന്‍സ്വാള്‍ ഗ്രാമത്തിലാണ് ഇത്തവണ അഭിമാനക്കൊലപാതകത്തിന് വേദിയൊരുങ്ങിയത്. സഹോദരിയെ ഒരു ആണ്‍കുട്ടിയുമൊത്ത് അരുതാത്ത സാഹചര്യത്തില്‍ കണ്ടതാണ് രവി കശ്യപ് എന്നയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇയാള്‍ തന്റെ ഇളയ സഹോദരി ഉഷയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
ഉഷയുടെ കാമുകന്‍ രാകേഷ് കശ്യപ് എന്ന പതിനെട്ടുകാരനെ ഗ്രാമത്തിലെ സ്കൂള്‍ പരിസരത്തുള്ള ഒരു വൃക്ഷത്തില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
പെണ്‍കുട്ടിയുടെ പിതാവ് വയലില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ മകളുടെ മുറി അടച്ചിട്ട നിലയില്‍ കാണുകയായിരുന്നു. വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ചവിട്ടിത്തുറന്നപ്പോള്‍ മകളുടെ മൃതദേഹത്തിനടുത്ത് മകന്‍ നില്‍ക്കുന്നതാണ് കണ്ടതെന്ന് അദ്ദേഹം പൊലീസിന് മൊഴി നല്‍കി. പെട്ടെന്നുണ്ടായ ദ്വേഷ്യം നിയന്ത്രിക്കാന്‍ കഴിയാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് രവി കശ്യപ് പൊലീസിനോട് പറഞ്ഞു. കുറ്റം സമ്മതിച്ച ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഒരേ ഗോത്രത്തില്‍ പെട്ട രണ്ട് പേര്‍ വിവാഹം ചെയ്ത് ആചാരങ്ങള്‍ തെറ്റിച്ച കുറ്റത്തിന് നവദമ്പതികളെ വകവരുത്തിയതിന് ഹരിയാനയിലെ ഒരു നാട്ടുപഞ്ചായത്തിലെ അഞ്ച് പേര്‍ക്ക് കോടതി ഈ മാസം ആദ്യം വധശിക്ഷ വിധിച്ചിരുന്നു.