സൗദി മാതൃകയില്‍ കുവൈറ്റ് പ്രശ്നവും പരിഹരിക്കുമെന്ന് ഖുര്‍ഷിദ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
സൗദി നിദാഖാത് പ്രശ്നം പരിഹരിച്ച മാതൃകയില്‍ കുവൈറ്റിലെ പുറത്താക്കല്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. കേരളത്തില്‍ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ക്കു നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത കുടിയേറ്റം നടത്തുന്നവരെ പുറത്താക്കുന്നതിനൊപ്പം വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്നും കുവൈറ്റ് സാമൂഹിക, തൊഴില്‍ മന്ത്രി ദിക്റ അല്‍ റഷീദ പറഞ്ഞിരുന്നു.

സ്വദേശി-വിദേശി ജനസംഖ്യ രാജ്യതാല്‍പര്യത്തിനനുസൃതമായി നിലനിര്‍ത്താന്‍ കുവൈത്തിന് അവകാശമുണ്ടെന്നും അതിനുവേണ്ടി വിദേശികളെ കുറയ്ക്കണമെന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണെന്നും കുവൈത്ത് സിറ്റിയിലെ സൂഖ് ഉദ്ഘാടനശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ തൊഴില്‍ വിപണി പരിഷ്കരിക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ദൗത്യമെന്നും അനധികൃത താമസക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് സര്‍ക്കാറിന്‍െറ മറ്റു വിഭാഗങ്ങളുടെ ജോലിയാണെന്നും മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തിനകം രാജ്യത്തെ വിദേശികളുടെ എണ്ണം പത്ത് ലക്ഷം കുറയ്ക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ലക്ഷ്യമെന്ന് രണ്ടു മാസം മുമ്പ് തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തമാവുന്നതായി സൂചനയുയര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :