സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്തില്‍ നിന്ന് തിരിച്ചയച്ച ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി. നൂറോളം ഇന്ത്യക്കാരാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടുന്നു.
കൈയില്‍ ആഹാരത്തിന് പോലും പണമില്ലാതെ, ബന്ധുക്കളെ ബന്ധപ്പെടാന്‍ പോലും ആകാത്ത അവസ്ഥയില്‍ ആയിരുന്നു ഇവരെല്ലാം. ജോലി സ്ഥലത്ത് വച്ചാണ് ഇവരില്‍ ഭൂരിഭാഗം പേരും അറസ്റ്റിലായത്. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് തങ്ങളെ പിടികൂടിയതെന്നും മൊബൈല്‍ ഉള്‍പ്പെടെയുള്ളവ അവര്‍ പിടിച്ചുവച്ചു എന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു. ഇതില്‍ജയിലില്‍ കഴിഞ്ഞവരും ഉണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുവൈറ്റിലെ ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
നാട്ടിലെത്താന്‍ മാര്‍ഗമില്ലാതെ ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ നോര്‍ക്ക റൂട്സ് രംഗത്തെത്തി. ഇവരെ കേരളാ ഹൌസില്‍ എത്തിച്ച് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി കെ സി ജോസഫ് അറിയിച്ചു. ഇന്ത്യക്കാരെ തിരിച്ചയക്കുന്ന വിവരം കുവൈറ്റ് എംബസി നേരത്തെ അറിയിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരെ കുവൈറ്റില്‍ നിന്ന് ഷാര്‍ജയില്‍ എത്തിച്ച്, അവിടെ നിന്ന് ഇന്ത്യയിലേക്ക് കയറ്റിവിടുകയായിരുന്നു. ഉച്ചയോടെയാണ് ഇവര്‍ വന്നിറങ്ങിയത്.