ഹൈദരാബാദ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രത. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങളില്‍ വന്‍ സുരക്ഷാ പരിശോധനകള്‍ നടക്കുന്നു. ഹൈദരാബാദിലെ ദില്‍സുക്ക് ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന സ്ഫോടന പരമ്പരയില്‍ 22 പേര്‍ മരിച്ചതായാണ് അനൌദ്യോഗിക വിവരം.
ദില്‍സുക്ക് നഗറിലെ വെങ്കിടാദ്രി തിയേറ്ററിലും കൊണാര്‍ക്ക് തിയേറ്ററിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. രാജ്യത്തെ നഗരങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹൈദരാബാദില്‍ മൂന്ന് സ്ഫോടനങ്ങളാണ് നടന്നതെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. 7.01 പി എം , 7.06 പി എം, 7.26 പി എം എന്നീ സമയങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സൈക്കിളുകളില്‍ ടിഫിന്‍ ബോക്സുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് പൊട്ടാത്ത ഒരു ബോംബ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സുശീല്‍ കുമാര്‍ ഷിന്‍ഡെ 11 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നും ഇവരെയെല്ലാം ഹൈദരാബാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടുതന്നെ മരണസംഖ്യയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയില്ല.
ആന്ധ്ര മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു. എന്‍ ഐ എ, ഐ ബി, ബി എ ഡബ്ലിയു, സി എഫ് എസ് എല്‍ ടീമുകള്‍ സ്ഫോടന സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഹൈദരാബാദില്‍ നിന്ന് ലഭിക്കുന്ന ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഞ്ച് സ്ഫോടനങ്ങളാണ് നടന്നത്. കൊണാര്‍ക്ക് തിയേറ്റര്‍, ദില്‍സുക്ക് നഗര്‍ 107 ബസ് സ്റ്റാന്‍ഡ്, ആനന്ദ് ടിഫിന്‍ സെന്‍റര്‍, വെങ്കിടാദ്രി തിയേറ്റര്‍, മൊഡേശ്വരി കോമ്പ്ലക്സിന് സമീപമുള്ള ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പ് എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്.