മദനിയെ കാണാന്‍ ലീഗ് നേതാക്കള്‍ ജയിലിലെത്തി

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ മുസ്ലീം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഇടി മുഹമ്മദ് ബഷീര്‍, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി എംഎല്‍എ എന്നിവരാണ് ബുധനാഴ്ച രാവിലെ ജയിലിലെത്തിയത്.

എന്നാല്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഇല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മാനുഷിക പരിഗണന വച്ചാണ് സന്ദര്‍ശനം. മദനിയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇ ടി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായും ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

ലീഗിന്റെ സന്ദര്‍ശനം കഴിഞ്ഞ ദിവസം പിഡിപി സ്വാഗതം ചെയ്തിരുന്നു. അതേസമയം മദനിയെ കേസില്‍ കുടുക്കിയത് മുസ്ലീം ലീഗ് ആണെന്ന് പിടിഎ റഹീം എംഎല്‍എ കഴിഞ്ഞ ആഴ്ച നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. താനും കൂട്ടരും മദനിയെ ജയിലില്‍ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പിടിഎ റഹീം പറഞ്ഞിരുന്നു. ലീഗ് നേതാക്കള്‍ക്കെതിരായ ചില നിര്‍ണ്ണായക തെളിവുകള്‍ മദനിയുടെ കൈവശം ഉള്ളതിനാലാണ് അവര്‍ അദ്ദേഹത്തെ കേസില്‍ കുടുക്കി അകത്താക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ലീഗ് നേതാക്കള്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :