ഹരിയാനയില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സഹപാഠിയെ വെടിവെച്ചു കൊന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികളിലാരാളുടെ വീട് ആക്രമിച്ച നാട്ടുകാര്‍ കാറിനു തീയിടുകയും വീട് തകര്‍ക്കുകയും ചെയ്തു.
നിതിന്‍ എന്ന പതിനഞ്ചുകാരനായ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് വെടിയേറ്റു മരിച്ചത്. ഒരു മത പരിപാടിക്കിടെ നാലു സഹപാഠികള്‍ ചേര്‍ന്നാണ് നിതിനെ വെടിവെച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥികളുടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
പരിപാടി നടക്കുന്ന വേദിക്കു പുറത്ത് നിതിന്റെ സുഹൃത്ത് അങ്കുറിനെ ഇവര്‍ ആക്രമിച്ചു ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സംഘത്തിലെ ഒരാള്‍ നിതിനെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന ഉടന്‍ നിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നിതിന്റെ ബന്ധുക്കളും നാട്ടുകാരും മേഹം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ഗതാഗതം തടയുകയും ചെയ്ത് പ്രതിഷേധിച്ചു. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ വിദ്യാര്‍ത്ഥിയുടെ വീട് ആക്രമിക്കപ്പെട്ടത്.