സിബിഐ ഡയറക്ടറെ നിയമിക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിയ്ക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സിബിഐ ഡയറക്ടറെ നിയമിക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കുന്ന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സിബിഐയ്ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനുള്ള സത്യവാങ്മൂലത്തിലാണ് ഡയറക്ടറെ നിയമിക്കാനും നീക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

സിബിഐ ഡയറക്ടറുടെ പേര് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന കൊളീജിയത്തിനായിരിക്കും. ഡയറക്ടര്‍ക്കെതിരെ പരാതി ഉയരുകയാണെങ്കില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അംഗീകാരത്തോടെ ഡയറക്ടറെ നീക്കം ചെയ്യാനും സാധിക്കും.

അഴിമതി, ക്രിമിനല്‍ കേസുകള്‍ അന്വേഷിച്ച പരിചയമുള്ള ഐപിഎസ് ഉദ്യോഗസ്ഥരെയായിരിക്കും സിബിഐ ഡയറക്ടറായി നിയമിക്കുക. സിബിഐ ഡയറക്ടടറുടെ കലാവധി രണ്ടു വര്‍ഷത്തേയ്ക്കായിരിക്കും. സുപ്രീംകോടതി ജഡ്ജിമാരുടെ ഒരു സമിതിക്കായിരിക്കും സിബിഐയുടെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം.

സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് മുമ്പ് ധനമന്ത്രി പി ചിദംബരം, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള വി നാരായണസ്വാമി എന്നിവരടങ്ങുന്ന സമിതി പരിശോധിച്ചിരുന്നു.

കല്‍ക്കരിപ്പാടം ഇടപാടു കേസിലെ കുറ്റപത്രം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് കേന്ദ്ര നിയമമന്ത്രി അശ്വിനികുമാറിനെ കാണിച്ചതിന് സിബിഐയെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കിയെന്നായിരുന്നു കോടതിയുടെ വിമര്‍ശം. സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സിബിഐയ്ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :