സാന്റിയാഗോ മാര്‍ട്ടിന്റെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചു!

കോയമ്പത്തൂര്‍| WEBDUNIA|
ഗുണ്ടാ നിയമത്തിന് കീഴില്‍ തമിഴ്നാട്ടില്‍ അറസ്റ്റിലായ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മകള്‍ ഡെയ്‌സി (20) ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്ത. ഗുണ്ടാ നിയമപ്രകാരം അറസ്റ്റ്‌ ചെയ്യപ്പെട്ടതിനാല്‍ പിതാവിന് ഒരു വര്‍ഷത്തേക്ക്‌ ജാമ്യം ലഭിക്കില്ല എന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഡെയ്സി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കരുതപ്പെടുന്നു. ഡെയ്സി അമിതമായി ഉറക്കഗുളികള്‍ കഴിക്കുകയായിരുന്നു.

വായില്‍ നിന്ന് നുരയും പതയും വന്ന് ബോധരഹിതയായ നിലയില്‍ കണ്ടെത്തിയ ഡെയ്‌സിയെ കോവൈ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തമിഴ്നാട് പോലീസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ഭൂമി തട്ടിപ്പ് കേസില്‍ പിടിയിലായി ജാമ്യം ലഭിച്ച മാര്‍ട്ടിന്‍ ജില്ലാ കുറ്റാന്വേഷണ വിഭാഗം ഓഫീസില്‍ ഒപ്പിടാന്‍ എത്തിയപ്പോഴാണ് ശനിയാഴ്ച അറസ്റ്റിലായത്.

ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട്‌ തമിഴ്നാട്ടില്‍ മൂന്ന് കേസുകളാണ് മാര്‍ട്ടിന്റെ പേരില്‍ നിലവിലുള്ളത്. ശ്രീപെരുമ്പത്തൂരിന് പുറമേ മധുര, സേലം എന്നിവിടങ്ങളിലും മാര്‍ട്ടിന്‍ കയ്യേറ്റം നടത്തിയതായി പരാതിയുണ്ട്. മുഖ്യമന്ത്രി ജയലളിത അധികാരത്തിലേറിയതിന് ശേഷമാണ് മാര്‍ട്ടിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം ത്വരിതപ്പെടുത്തിയത്.

കഴിഞ്ഞ ഡിഎംകെ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനാല്‍ മാര്‍ട്ടിനെ തൊടാന്‍ കരുണാനിധി ധൈര്യം കാട്ടിയിരുന്നില്ല. ലോക തമിഴ് സമ്മേളനം തുടങ്ങി പല സര്‍ക്കാര്‍ പരിപാടികള്‍ക്കും മാര്‍ട്ടിന്‍ വാരിക്കോരി പണം നല്‍‌കിയിരുന്നു. എന്നാല്‍ ജയലളിത അധികാരത്തില്‍ വന്നതോടെ മാര്‍ട്ടിന് കഷ്ടകാലം തുടങ്ങി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും കോണ്‍ഗ്രസിലെയും ഉന്നതരായ ചിലരുമായി മാര്‍ട്ടിന് നല്ല ബന്ധമുണ്ടെന്ന് പലപ്പോഴും ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടി നോക്കാതെ, ലോട്ടറി മാഫിയയ്ക്കെതിരെ പട നയിച്ച വിഡി സതീശന് മന്ത്രിസ്ഥാനം നിഷേധിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഉന്നതരുമായി സാന്റിയാമോ മാര്‍ട്ടിനുള്ള ബന്ധമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :