ഷാരൂഖ് ചിത്രത്തിന്‍റെ പ്രദര്‍ശനം ശിവസേന തടയും

മുംബൈ| WEBDUNIA|
PRO
PRO
ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രമായ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം തടയാന്‍ തീരുമാനിച്ചു. ഐപി‌എല്‍ ലേലവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുകൂലമായ പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ചാണ് നടപടി.

ഫെബ്രുവരി പന്ത്രണ്ടിനാണ് മൈ നെയിം ഈസ് ഖാന്‍ തീയേറ്ററുകളിലെത്തുക. പാക് താരങ്ങളെ അനുകൂലിച്ച ഷാരൂഖിന്‍റെ നിലപാട് അധിക്ഷേപാര്‍ഹമാണെന്ന് ശിവസേന ആരോപിച്ചു. പാകിസ്ഥാനികളെ പ്രകീര്‍ത്തിക്കുന്ന ആരെയും സഹിക്കാനാകില്ലെന്നും സേന വ്യക്തമാക്കി.

മുംബൈയിലെ താനെയില്‍ ചിത്രത്തിന്‍റെ പോസ്റ്ററുകളും ശിവസേന പ്രവര്‍ത്തകര്‍ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തൊമ്പതിനു നടന്ന ഐപി‌എല്‍ ലേലത്തില്‍ പാകിസ്ഥാനി കളിക്കാരെ തഴഞ്ഞ സാഹചര്യത്തെയാണ് ഷാരൂഖ് വിമര്‍ശിച്ചിരുന്നത്. പാക് കളിക്കാരെ സ്വാഗതം ചേയ്യേണ്ടതായിരുന്നു എന്നായിരുന്നു ഷാരൂഖിന്‍റെ അഭിപ്രായം.

എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നേരായ വഴിക്ക് തീര്‍ക്കേണ്ടതാണെന്നും ജനാധിപത്യത്തിലും നന്‍‌മയിലും അടിയുറച്ചുനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് തന്‍റെ വിശ്വാസമെന്നും എല്ലാവരെയും നമുക്ക് ക്ഷണിക്കേണ്ടതുണ്ടെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ശിവസേനയെ പ്രകോപിപ്പിച്ചത്.

പാകിസ്ഥാനി കളിക്കാരെ ഇന്ത്യയില്‍ കളിക്കാന്‍ ശിവസേന പോലുള്ള സംഘടനകള്‍ അനുവദിക്കുമോ എന്ന ഭീതിയിലാണ് ഐപി‌എല്‍ ഫ്രാഞ്ചൈസികള്‍ ഇവരെ ലേലത്തിനെടുക്കാന്‍ താല്‍‌പര്യം കാണിക്കാഞ്ഞത്. പാക് താരമായ അബ്ദുള്‍ റസാഖും മറ്റുമായി ഷാരൂഖിന്‍റെ ഉടമസ്ഥതയിലുള്ള ഐപി‌എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പാകിസ്ഥാനികളെ കൂടാതെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെയും ശിവസേന ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്കെതിരായ വംശീയ ആക്രമണമാണ് ഓസീസ് കളിക്കാര്‍ക്ക് നേരെ സേനയുടെ പ്രതിഷേധം തിരിയാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :