ഷഹാബുദ്ദീനെതിരെ വീണ്ടും കോടതി വിധി

ഷഹാബുദ്ദീന് മൂന്ന് വര്‍ഷം കഠിന തടവ്

സിവാന്‍| WEBDUNIA| Last Modified ശനി, 30 ജൂണ്‍ 2007 (13:46 IST)

തടവില്‍ കഴിയുന്ന ആര്‍.ജെ.ഡി എം.പി. മൊഹമ്മദ് ഷഹാബുദ്ദീന് മൂന്ന് വര്‍ഷം കഠിന തടവ് കൂടി ലഭിച്ചു. മുന്‍ എം.എല്‍.എ യെ തട്ടിക്കൊണ്ട് പോയ കേസിനോട് അനുബന്ധിച്ചുള്ള കേസിലാണ് പ്രത്യേക കോടതി ഷഹാബുദ്ദീന് മൂന്ന് കൊല്ലം കഠിന തടവ് ശനിയാഴ്ച വിധിച്ചത്.

എം.എല്‍.എ യെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് വേണ്ട തെളിവുകളിലാ‍ത്തതിനാല്‍ കുറ്റവിമുക്തനായെങ്കിലും ഒരു കേസിനോട് അനുബന്ധിച്ച് മോഷ്ടിക്കപ്പെട്ട വാഹനം സൂക്ഷിച്ചു എന്ന കുറ്റത്തിനാണ് ഷഹാബുദ്ദീനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയതും അയാള്‍ക്കെതിരെ ശിക്ഷ വിധിച്ചതും.

ശുഭ് നാരായണ്‍ പ്രസാദ് എന്നയാളുടെ പ്രതാപ്‌പൂരിലെ വസതിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മോട്ടോര്‍ സൈക്കിള്‍ ഷബാഹുദ്ദീന്‍റെ വസതിയില്‍ നിന്ന് 2005 ഏപ്രില്‍ 24 ന് സിവാന്‍ ജില്ലാ മജിസ്‌ട്രേട്ട് സി.കെ.അനില്‍ പിടിച്ചെടുക്കുകയായിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 441, 41 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്പെഷ്യല്‍ ജഡ്ജ് വി.വി.ഗുപ്ത ഷഹാബുദ്ദീനെതിരെ മൂന്ന് വര്‍ഷ കഠിനത്തടവ് വിധിച്ചത്. 1990 സെപ്തംബര്‍ മൂന്നിനായിരുന്നു ഈ കേസ് സംബന്ധിച്ച പ്രാഥമിക വിവര റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ ഷബാഹുദ്ദീനെ കുറ്റവാളിയാക്കിക്കൊണ്ടുള്ള മൂന്നാമത്തെ കേസിന്‍റെ വിധിയാണ് ശനിയാഴ്ച നടന്നത്.

സി.പി.ഐ.എം.എല്‍ ഓഫീസിലെ സെക്രട്ടറി കേശവ് ബൈത്തയെ 1998 സെപ്തംബര്‍ പത്തൊമ്പതിന് തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച കേസില്‍ ഷഹാബുദ്ദീന് ഇക്കൊല്ലം മാര്‍ച്ച് രണ്ടിന് രണ്ട് വര്‍ഷത്തെ കഠിന തടവ് വിധിച്ചിരുന്നു.

1999 ഫെബ്രുവരി ഏഴാം തീയതി ചോട്ടേലാല്‍ ഗുപ്ത എന്ന സി.പി.ഐ എം.എല്‍ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സംബന്ധിച്ച കേസില്‍ ഇക്കൊല്ലം മേയ് എട്ടാം തീയതി സ്പെഷ്യല്‍ അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഗ്യാനേശ്വര്‍ പ്രസാദ് ശ്രീവാസ്തവ ഷഹാബുദ്ദീന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം തുടങ്ങി മുപ്പതോളം കേസുകളിലെ പ്രതിയാണ് ബിഹാറില്‍ നിന്നുള്ള മൊഹമ്മദ് ഷബാഹുദ്ദീന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :