അഭയ കേസില്‍ ചീഫ് കെമിക്കല്‍ ലാബ് എക്സാമിനര്‍ ആര്‍.ഗീത, ലാബ് ജീവനക്കാരി ചിത്രയ്ക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ര്ടേറ്റ് കോടതി ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇരുവരെയും ഏത് നിമിഷം വേണമെങ്കിലും അറസ്റ്റ് ചെയ്യാം. വളരെ ഉന്നതമായ തസ്തികയിലാണ് ഇരുവരും ഇപ്പോള്‍ ഇരിക്കുന്നത്. കേസ് പരിഗണിക്കുന്നത് ജൂണ്‍ 27ലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ചീഫ് എക്സാമിനറാണ് ഗീത.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അവര്‍ക്ക് ഈ പദവിയിലിരിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടില്‍ ഗീതയും, ചിത്രയും തിരുത്തല്‍ വരുത്തിയെന്ന് ഹൈദ്രാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വിട്ടത് തിരുവനന്തപുരം സി.ജെ.എം കോടതിയാണ്. വളരെ മനപ്പൂര്‍വ്വമായ തിരുത്തലുകള്‍ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ വരുത്തിയിട്ടുണ്ടെന്നും ഇത് ചെയ്തത് ഗീതയും ചിത്രയുമാണെന്നും സി.ജെ.എം കോടതി വിധിച്ചിരുന്നു. ഇരുവരെയും കേസില്‍ പ്രതികളാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
തുടര്‍ന്ന് കേസ് പരിഗണിക്കാന്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.