വന്ദേമാതരത്തോട് അനാദരവ്: മാപ്പ് പറയില്ലെന്ന് എം‌പി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ദേശീയഗീതമായ വന്ദേമാതരത്തോടുള്ള അനാദരവിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് ബിഎസ്പി എംപിയായ ഷഫീക്കുര്‍ റഹ്മാന്‍ ബാര്‍ക്കി. ദേശീയ ഗാനത്തെയല്ലാതെ മറ്റൊന്നിനെയും മുസ്ലിമായ താന്‍ ബഹുമാനിക്കില്ലെന്നാണ് ഷഫീക്കുര്‍ ബാര്‍ക്കിയുടെ നിലപാട്.

‘’ഞാനാരോടും മാപ്പ് പറയില്ല, ഞാന്‍ ദേശീയഗാനത്തെ ബഹുമാനിക്കുന്നു. ജന്മഭൂമിക്കായുള്ള ഗീതമാണ് വന്ദേമാതരം. എന്നെപ്പോലുള്ള മുസ്ലീമുകള്‍ അല്ലാഹുവിന് മുന്നില്‍ മാത്രമേ കുനിയുകയുള്ളൂ. മറ്റ് ദൈവങ്ങളുടെ മുന്നിലുണ്ടാവില്ല. ഇതിന് മുമ്പും വന്ദേമാതരത്തെ ബഹിഷ്‌കരിച്ചിട്ടുണ്ട്’‘ ബാര്‍ക്കി പ്രമുഖ ഇംഗ്ലീഷ് ചാനലായ സിഎന്‍എന്‍ ഐബിഎന്നിനോട് പറഞ്ഞു.

ബജറ്റ് സമ്മേളനം അവസാനിപ്പിച്ച് ദേശിയ ഗീതമായ വന്ദേമാതര ആലാപനം നടക്കുമ്പോഴായിരുന്നു ബിഎസ്പി നേതാവിന്റെ അനാദരവ്. സഭയില്‍ വന്ദേമാതരം ആലപിച്ചു കൊണ്ടിരിക്കുമ്പോള്‍ ബഹുമാന്യ സ്ഥാനത്തിരിക്കുന്ന വ്യക്തി പുറത്തിറങ്ങി പോയത് വളരെ ഗുരുതരമായ വീഴ്ചയാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എന്തുകൊണ്ടാണ് അത്തരത്തിലൊരു പ്രവൃത്തി സംഭവിച്ചതെന്ന് അറിയണം. മേലില്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്നും മീരാകുമാര്‍ അദ്ദേഹത്തിന് താക്കീത് നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശിലെ സംബാല്‍ മണ്ഡലത്തില്‍ നിന്നുമുള്ള എംപിയാണ് ഇദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :