തന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെയുള്ള ലോക്പാല്‍ കരടു ബില്‍ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരിച്ചതിനെതിരെ അണ്ണാ ഹസാരെ തുടങ്ങാനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. ഓഗസ്റ്റ് 16 മുതല്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്നായിരുന്നു ഹസാരെ പറഞ്ഞിരുന്നത്.
പ്രധാനമന്ത്രിയെയും ജുഡിഷ്യറിയെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹസാരെ തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ലോക്പാല്‍ കരടുബില്‍ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സമിതിയിലെ കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യം തള്ളിയിരുന്നു. ഇവര്‍ ആവിഷ്ക്കരിച്ച ലോക്പാല്‍ കരടു ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഹസാരെ ഇതിനെതിരെ പ്രതികരിച്ചത്. ഇപ്പോള്‍ നിര്‍ദേശിച്ച ലോക്പാല്‍ ബില്ലിലൂടെ രാജ്യത്തെ അപഹസിക്കുകയാണ് കേന്ദ്രം. പല്ലും നഖവും ഉപയോഗിച്ച് ഫലപ്രദമായ ലോക്പാലിനു വേണ്ടി സമരം ചെയ്യുമെന്നാണ് ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞത്.