ഇന്ത്യയിലെ പുരുഷന്‍മാര്‍ക്ക് ആഗോള സമൂഹത്തിനു മുന്നില്‍ തലകുനിക്കേണ്ടി വരുന്ന ഒരു പഠന റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്നു. ഇന്ത്യന്‍ പുരുഷന്‍മാരില്‍ നാലില്‍ ഒരാള്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയിട്ടുള്ളവരാണെന്നും അഞ്ചില്‍ ഒരാള്‍ പങ്കാളിയുമായോ ഭാര്യയുമായോ നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ ആണെന്നുമാണ് പഠനത്തില്‍ പറയുന്നത്.
‘ഇന്റര്‍നാഷണല്‍ മെന്‍ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി സര്‍വെ’ നാല് ഭൂഖണ്ഡങ്ങളിലുള്ള ആറ് വികസ്വര രാജ്യങ്ങളില്‍ നടത്തിയ സര്‍വെയിലാണ് ഇന്ത്യയില്‍ സ്ത്രീ-പുരുഷ സമത്വം വളരെ ശോചനീയ അവസ്ഥയിലാണെന്ന് പറയുന്നത്. അന്താരാഷ്ട്ര മത്സര പരീക്ഷകളില്‍ ഒന്നാമതെത്തുന്ന ഇന്ത്യക്കാര്‍ ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. രാജ്യത്ത് 17 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് ലിംഗസമത്വം പാലിക്കുന്നത്. സര്‍വെയില്‍ പ്രതികരിച്ച 24 ശതമാനം ഇന്ത്യക്കാരും ജീവിതത്തില്‍ എപ്പോഴെങ്കിലും ലൈംഗിക അതിക്രമം നടത്തിയിട്ടുള്ളവരുമാണ്.
ഇന്ത്യക്കാര്‍ വീടുകളില്‍ ലൈംഗിക അതിക്രമം നടത്തുമെങ്കിലും സമൂഹത്തില്‍ മാന്യന്‍മാരാണെന്നും സര്‍വെയില്‍ പറയുന്നു. ഇന്ത്യന്‍ പുരുഷന്‍മാരില്‍ നാല് ശതമാനം മാത്രമേ മോഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. ഏഴ് ശതമാനമാണ് ആയുധം ഉപയോഗിച്ചുള്ള ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മറ്റു രാജ്യങ്ങളില്‍ ഈ അനുപാതം കൂടുതലാണ്.
ക്രൊയേഷ്യയില്‍ 82 ശതമാനം പുരുഷന്‍മാരും ലിംഗസമത്വം അംഗീകരിക്കുന്നവരാണ്. ബ്രസീല്‍, ചിലി, മെക്സിക്കോ എന്നിവിടങ്ങളിലെ പുരുഷന്‍മാരില്‍ 50 ശതമാനത്തിലധികം ഇതേ നിലപാട് പുലര്‍ത്തുന്നവരാണ്. എന്നാല്‍, വികസനകാര്യത്തില്‍ ഏറെ പിന്നിലുള്ള റുവാണ്ട ഗാര്‍ഹിക പീഡനകാര്യത്തില്‍ ഇന്ത്യയ്ക്ക് തൊട്ടു മുന്നിലാണ് - 34 ശതമാനം. അതേസമയം, സ്ത്രീകള്‍ പരാതി പറയാതെ പീഡനം അനുഭവിക്കേണ്ടവരാണെന്ന് 65 ശതമാനം ഇന്ത്യക്കാരും കരുതുന്നതായും സര്‍വെയില്‍ പറയുന്നു.
പതിനെട്ടിനും അമ്പത്തിയൊമ്പതിനും മധ്യേ പ്രായമുള്ള 8000 പുരുഷന്‍മാരെയും 3,500 സ്ത്രീകളെയുമാണ് സര്‍വെയില്‍ പങ്കെടുപ്പിച്ചത്.