ഈജിപ്തില്‍ ഹോസ്നി മുബാറക്കിന്റെ പതനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു യുഎസ് വനിതാ റിപ്പോര്‍ട്ടറെ ജനക്കൂട്ടം ലൈംഗിക പീഡനത്തിരയാക്കി. സിബിഎസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍, ലാറ ലോഗനാണ് ഈ ദുര്‍ഗതി വന്നതെന്ന് അധികൃതര്‍ പറയുന്നു.
മുബാറക് സ്ഥാനമൊഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ടിവി ക്രൂവിനൊപ്പം താഹിര്‍ സ്ക്വയറില്‍ എത്തിയതായിരുന്നു ലോഗന്‍. എന്നാല്‍, ഇരുന്നൂറോളം പേരുടെ ഒരു സംഘം ആര്‍ത്തലച്ചു വന്നപ്പോള്‍ ലോഗന്‍ വാര്‍ത്താ സംഘത്തിലുള്ള മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ടുപോയി.
ഒറ്റപ്പെട്ട ലോഗനെ ജനക്കൂട്ടം വളഞ്ഞുവച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇവരെ ഇരുപതോളം വരുന്ന സൈനികരാണ് അക്രമികളില്‍ നിന്ന് രക്ഷിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യുഎസിലേക്ക് മടങ്ങിയ ഇവര്‍ ഇപ്പോഴും ആശുപത്രിയിലാണ്.
ജനുവരി 30 മുതല്‍ ഈജ്പിതില്‍ നൂറ്റിനാല്‍പ്പതോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു എന്നാണ് കരുതുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വ്യക്തമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.