ഗുജറാത്തിലെ സൂററ്റില്‍ പത്ത് ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. രണ്ട് മണിക്കൂറോളം മുമ്പ് കുഴിച്ചിട്ടതെന്ന് കരുതുന്ന കുഞ്ഞിനെ ശനിയാഴ്ച ഗ്രാമീണര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രക്ഷപെടുത്തിയത്.
വാങ്കനേഡ ഗ്രാമത്തിന് അടുത്തുള്ള ഒരു കനാലിനോട് ചേര്‍ന്നാണ് കുഞ്ഞിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഇതുവഴി കടന്നു പോവുകയായിരുന്ന ഒരു സ്ത്രീ കുഞ്ഞിന്റെ അവ്യക്തമായ കരച്ചില്‍ കേട്ട് തെരച്ചില്‍ നടത്തിയെങ്കിലും എവിടെ നിന്നാണ് കരച്ചില്‍ കേള്‍ക്കുന്നതെന്ന് വ്യക്തമാവാത്തതിനെ തുടര്‍ന്ന് ഗ്രാമീണരെയും കൂട്ടി തിരിച്ചെത്തി വീണ്ടും തെരച്ചില്‍ നടത്തുകയായിരുന്നു.
ഗ്രാമീണര്‍ നടത്തിയ തെരച്ചിലില്‍ ഒരു കുഴിയില്‍ നിന്നാണ് കരച്ചില്‍ കേള്‍ക്കുന്നതെന്ന് സംശയം തോന്നി. ഉടന്‍ തന്നെ കുഴിമാന്തുകയും കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. കുഴിയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ കുഞ്ഞ് കരഞ്ഞുകൊണ്ട് കൈകാലുകള്‍ കുടയുന്നുണ്ടായിരുന്നു എന്ന് ഗ്രാമീണര്‍ പറയുന്നു.
ഗ്രാമവാസികള്‍ ഉടന്‍ തന്നെ ഒരു ആംബുലന്‍സ് വിളിച്ച് കുഞ്ഞിനെ ആശുപത്രിയിലാക്കി. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.