ലങ്കയ്ക്കെതിരായ പ്രമേയം: വെള്ളം ചേര്‍ത്തുവെന്ന വാര്‍ത്ത കേന്ദ്രം നിഷേധിച്ചു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ശ്രീലങ്കയ്‌ക്കെതിരായ യുഎന്‍ പ്രമേയത്തില്‍ വെള്ളം ചേര്‍ത്തുവെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. യുഎന്‍ പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദ്ദേശിക്കാനാണ് സര്‍ക്കാര്‍ തീരുമാന‌മെന്ന് പി ചിദംബരം പറഞ്ഞു. പ്രമേയത്തിനായി സമവായം തുടരുകയാണ്. ലങ്കയ്‌ക്കെതിരെ ശക്തവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും ചിദംബരം പറഞ്ഞു.

കേന്ദ്രമന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ ചിദംബരത്തെ കൂടാതെ കമല്‍നാഥും പങ്കെടുത്തു.

ലങ്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് യുപിഎ വിട്ട ഡിഎംകെയുടെ തീരുമാനം സര്‍ക്കാരില്‍ പ്രതിസന്ധി സൃഷ്ടിക്കില്ല. എംപിമാരുടെ എണ്ണത്തില്‍ ആശങ്കയില്ല.
ഡിഎംകെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചിരുന്നു. ഡിഎംകെയുടെ തിരക്കിട്ട നിലപാട് മാറ്റം എന്തിനെന്ന് അറിയില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മറ്റൊരു രാജ്യത്തിനെതിരെ കടുത്ത ഭാഷ ഉപയോഗിച്ചുള്ള പ്രമേയത്തെ അനുകൂലിക്കരുതെന്നാണ് ബിജെപിയുടെ പക്ഷം. ‘വംശഹത്യ’യെന്ന വാക്ക് പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് തര്‍ക്ക വിഷയങ്ങളിലൊന്ന്. ശ്രീലങ്കയ്‌ക്കെതിരായ പ്രമേയത്തെ ഇന്ത്യ മയപ്പെടുത്താന്‍ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം അഞ്ച് ഡിഎംകെ മന്ത്രിമാര്‍ ഇന്ന് പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറും. ഉച്ചക്ക് ഒരു മണിക്ക് രാജിക്കത്ത് കൈമാറുമെന്നാണ് അറിയുന്നത്.

ഇന്നലെയാണ് ഒമ്പതുവര്‍ഷം നീണ്ട കൂട്ടുകെട്ടിന് വിരാമമിട്ട് ഡിഎംകെ യുപിഎയില്‍ നിന്നു പിന്മാറിയത്. ശ്രീലങ്കയ്‌ക്കെതിരെ യുഎന്നില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ തങ്ങളാവശ്യപ്പെട്ട ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് യുപിഎ വിടുന്നതെന്ന് വ്യക്തമാക്കിയാണ് കരുണാനിധി പിന്തുണ പിന്‍വലിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :