നമ്മുടെ പൊതുബജറ്റ് ചോരാത്തതിന്റെ രഹസ്യങ്ങള്‍!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
രാജ്യം കാത്തിരിക്കുന്ന പൊതുബജറ്റ് അവതരണം വ്യാഴാഴ്ചയാണ്. കേന്ദ്രധനമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ നടത്തുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ അവസാനനിമിഷം വരെയും അതീവ രഹസ്യമായിരിക്കും. ആര്‍ക്കും ചോര്‍ന്നുകിട്ടാതെ, മാധ്യമങ്ങള്‍ അറിയാതെ അവസാനനിമിഷം വരെയും ഈ സസ്പെന്‍സ് കാത്തുസൂക്ഷിക്കുന്നത് എങ്ങനെയാണ്?

കിറുകൃത്യമായ ആസൂത്രണത്തിലൂടെ തന്നെയാണ് ഇത് സാധ്യതമാകുന്നത്. ബജറ്റിന്റെ ശില്പിയായ ധനമന്ത്രി, പ്രധാനമന്ത്രി, ധനമന്ത്രാലയത്തിലെയും ക്യാബിനറ്റിലെയും സുപ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഒഴികെ മറ്റാര്‍ക്കും ബജറ്റിന്റെ ഉള്ളടക്കം അറിയാന്‍ സാധിക്കില്ല.

അതീവരഹസ്യമായിട്ടാണ് ബജറ്റ് പേപ്പറുകള്‍ അച്ചടിക്കുന്നത്. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിന്റെ ബേസ്മെന്റിലാണ് ബജറ്റ് പ്രസ് സ്ഥിതി ചെയ്യുന്നത്. രണ്ട് പ്രിന്റിംഗ് മെഷീനുകള്‍ ആണ് ഇവിടെയുള്ളത്. 100 ഉദ്യോഗസ്ഥര്‍ക്കാണ് അച്ചടിജോലികളുടെ ചുമതല. സര്‍ക്കാര്‍ പ്രിന്റിംഗ് പ്രസുകളില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ഫലത്തില്‍ ബജറ്റ് അച്ചടിക്കാലത്ത് ഇവര്‍ പ്രസില്‍ ബന്ദികളാക്കപ്പെട്ടത് പോലെയാണ്. രണ്ടാഴ്ചക്കാലത്തോളം ഇവര്‍ ഇവിടെ ‘തടവില്‍’ ആയിരിക്കും. ബജറ്റ് ചോരുന്നത് തടയാനാണിത്.

24x7 ഷിഫ്റ്റിലാണ് ജോലികള്‍. ഈ സമയം ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. പുറം‌ലോകവുമായി യാതൊരു ബന്ധവും പാടില്ല. പ്രസിലെ ലാന്‍ഡ് ഫോണ്‍ മാത്രം ഉപയോഗിക്കാം. ഇവരുടെ ഫോണ്‍ സംസാരം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ ആയിരിക്കും. പ്രസില്‍ കാന്റീന്‍ ഇല്ല. പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. പ്രൂഫ് നോക്കുന്നതിതും തിരുത്തുകള്‍ വരുത്തുന്നതിനുമായി വന്നുപോകുന്ന ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പ്രവേശനം.

ബജറ്റ് പേപ്പറുകള്‍ അച്ചടിച്ച് അടുക്കി കെട്ടുകളാ‍ക്കി ബജറ്റ് അവതരണത്തിന്റെ തലേന്ന് അര്‍ധരാത്രിയോടെ, അതീവ സുരക്ഷയില്‍ പാര്‍ലമെന്റില്‍ എത്തിക്കും. ധനമന്ത്രിയുടെ ബജറ്റ് അവതരണം പൂര്‍ത്തിയാകാറാകുമ്പോള്‍ ‘തടവിലാക്കപ്പെട്ട’ പ്രസ് സ്റ്റാഫിനെ മോചിപ്പിക്കും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :