ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണകാരണം അപകടമാണോ അതോ കൊലയാണോ എന്ന് ആന്ധ്രാജനതയ്ക്ക് സംശയമുണ്ടെന്ന് നടി റോജ. അന്വേഷണം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താന്‍ ആര്‍ക്കും കഴിയാത്തതാണ് ഈ സംശയത്തിന് കാരണമെന്നും റോജ പറഞ്ഞു. റിലയന്‍സ് ഗ്രൂപ്പാണ് റെഡ്ഡിയുടെ മരണത്തിന് പിന്നിലെന്ന് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് നടി റോജ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
“ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി മരിച്ചത് ഹെലികോപ്റ്റര്‍ ദുരത്തത്തിലാണ് എന്ന് നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇതാണോ സത്യമെന്ന് നമുക്കറിയില്ല. മുന്‍ വൈരാഗ്യമുള്ള ആരെങ്കിലും റെഡ്ഡിയെ കൊലപ്പെടുത്തിയതാണോ എന്ന് ജനങ്ങള്‍ സംശയിക്കുന്നതില്‍ അത്ഭുതമില്ല. കാരണം മരണകാരണം ഇപ്പോഴും വ്യക്തമല്ല. റെഡ്ഡിയുടെ മരണകാരണം എന്താണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വെളിപ്പെടുത്തിയേ തീരൂ. സിബിഐ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും ജനങ്ങള്‍ക്ക് അറിയണം.”
“റെഡ്ഡി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തുവെങ്കിലും അതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്തെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ഗോദാവരി തടത്തില്‍ പെട്രോളിയം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതില്‍ വളരെ സന്തോഷവാനായിരുന്നു റെഡ്ഡി. കുറഞ്ഞ വിലയ്ക്ക് ആന്ധ്രയിലെ ജനങ്ങള്‍ക്ക് പാചകവാതകവും മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളും നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് അദ്ദേഹം മരണമടയുന്നത്” - റോജാ പറയുന്നു.
റെഡ്ഡി മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം റോജ അറിയിച്ചത്. റെഡ്ഡിയുമായി ഇതു സംബന്ധിച്ച് റോജ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. രാജശേഖര റെഡ്ഡിയെ പറ്റി ആലോചിക്കുമ്പോള്‍ രോമാഞ്ചം ഉണ്ടാകുന്നു എന്നാണ് ചര്‍ച്ചയ്ക്ക് ശേഷം റോജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
അതിനിടയില്‍, തെലുങ്കാന പ്രശ്നം ഒതുക്കാനായി കോണ്‍ഗ്രസ് മെനഞ്ഞ തന്ത്രമാണ് റെഡ്ഡിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി റോസയ്യയെ കസേരയില്‍ നിന്നിറക്കി രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാനുള്ള ഒരു വിഭാഗം കോണ്‍ഗ്രസിന്റെ തന്ത്രമാണ് ഈ വിവാദമെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു. താന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ ആന്ധ്രയില്‍ എത്തിയതെന്നും ഈ ഗ്രൂപ്പിനെതിരെയുള്ള അക്രമം ടിഡിപി വച്ചുപൊറുപ്പിക്കില്ലെന്നും നായിഡു വ്യക്തമാക്കിയിട്ടുണ്ട്.