ഹൈദരാബാദ്|
PRATHAPA CHANDRAN|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2009 (19:24 IST)
സത്യം കമ്പ്യൂട്ടര്‍ അഴിമതി പ്രശ്നത്തില്‍ ആന്ധ്രപ്രദേശ് നിയമസഭ ബഹളത്തിലാഴ്ന്നു. സത്യം കമ്പ്യൂട്ടേഴ്സ് മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജു ആന്ധ്ര മുഖ്യമന്ത്രി വൈ രാജശേഖര റെഡ്ഡിയുടെ മകന്‍റെ വ്യാപാരത്തിന് ധനസഹായം നല്‍കിയിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചതാണ് ബഹളത്തിനു കാരണമായത്.
എന്നാല്‍, നായിഡു മകനെ യു എസില്‍ അയച്ച് പഠിപ്പിക്കാന്‍ രാജുവിന്‍റെ പക്കല്‍ നിന്ന് പണം വാങ്ങി എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ആന്ധ്ര സര്‍ക്കാരും സത്യവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും സര്‍ക്കാര്‍ നിയോഗിച്ച സി ഐഡി ഈ ബന്ധം മറയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നും നായിഡു പറഞ്ഞതോടെയാണ് സഭയില്‍ ഈ വിഷയം ചര്‍ച്ചാ വിഷയമായത്.
മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന 14 കമ്പനികള്‍ക്ക് രാജുവാണ് പണം നല്‍കി സഹായിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മകന്‍ ജഗ്‌മോഹന്‍ റെഡ്ഡി ധനവിനിമയത്തിനുള്ള എല്ലാ നിയമങ്ങളും ലംഘിച്ചിട്ടുണ്ട് . ഈ കമ്പനികള്‍ അവിഹിതമായി കൈപ്പറ്റിയ 600 കോടി രൂപ ഉപയോഗിച്ചാണ് ഇന്ദിര ടെലിവിഷന്‍ ചാനലും സാക്ഷി പത്രവും തുടങ്ങിയതെന്നും നായിഡു ആരോപിച്ചു.