സുഹറ വധം: ചുരുളഴിഞ്ഞു

മട്ടന്നൂര്‍| WEBDUNIA|
മട്ടന്നൂര്‍ കതിരൂര്‍ അറഫ മന്‍സിലില്‍ (46) യെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ മണക്കായി കയനിയിലെ കൊട്ടാരത്തില്‍ വീട്ടില്‍ കെ. ഷെരീഫ് (29) പൊലീസിനോട് പറഞ്ഞ കഥയിങ്ങനെ,

താന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഗള്‍‌ഫില്‍ നിന്ന് അടുത്തിടെയാണ് നാട്ടില്‍ വന്നത്. ഗള്‍‌ഫില്‍ പോകുന്നതിന് മുമ്പ് താനൊരു ഓട്ടോ ഡ്രെവര്‍ ആയിരുന്നു. അപ്പോള്‍ സുഹറയുടെ ഓട്ടോറിക്ഷ കുറേക്കാലം ഓടിക്കുകയുണ്ടായി. ഇക്കാലത്ത് താനും സുഹറയും വഴിവിട്ട ബന്ധത്തില്‍ അകപ്പെട്ടു. കുറേക്കാലം ഈ ബന്ധം തുടര്‍ന്നതിന് ശേഷം താന്‍ ഗള്‍‌ഫില്‍ പോയി ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്തു.

തന്നേക്കാള്‍ വളരെ വയസുള്ള ഒരാളുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടത് ഏറെ കുറ്റബോധം ഉണ്ടാക്കി. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്നാല്‍ വീണ്ടും സുഹറ തന്നെ തേടിയെത്തുമെന്ന് അറിയാമായിരുന്നു. സുഹറയെ ജീവിതത്തില്‍ നിന്ന് ഒഴിക്കണമെന്ന് ഗള്‍‌ഫില്‍ വച്ചുതന്നെ തീരുമാനം എടുത്തിരുന്നു.

ഗള്‍‌ഫില്‍ നിന്ന് ജനുവരി 16-നാണ് താന്‍ നാട്ടിലെത്തിയത്. കരുതിയ പോലെ തന്നെ സുഹറയുടെ ഇംഗിതങ്ങള്‍ക്ക് തനിക്ക് വഴങ്ങേണ്ടി വന്നു. സുഹറ ആവശ്യപ്പെട്ടത് പ്രകാരം മാനന്തവാടിയിലും മൈസൂരിലും ടൂര്‍ പോയി. മൈസൂരില്‍ വച്ച് കൊലചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ നടന്നില്ല. പിന്നീട് മൈസൂരില്‍ നിന്ന് കൂത്തുപറമ്പ് വഴി മട്ടന്നൂരില്‍ എത്തുകയായിരുന്നു.

മട്ടന്നൂരിലെ കനാലില്‍ കൊന്ന് തള്ളാനായിരുന്നു പദ്ധതി. എന്നാല്‍ പരിസരത്ത് ആളുകളുണ്ടായിരുന്നതിനാല്‍ നടന്നില്ല. തുടര്‍ന്ന് അനുനയത്തില്‍ സുഹറയെ നിര്‍മാണത്തിലിരിക്കുന്ന ഒരു വീടിന്റെ പിന്നിലേക്ക് കൊണ്ടുപോയി. കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും സുഹറ കുതറി മാറി. ആവേശത്തില്‍ താന്‍ സുഹറയുടെ തല പിടിച്ച് നിലത്തടിച്ചു. തുടര്‍ന്ന് അരികില്‍ കിടന്നിരുന്ന തടിക്കഷണം കൊണ്ട് തലക്കടിച്ചു.

ബോധരഹിതയായ സുഹറയെ തുടര്‍ന്ന് കഴുത്തറുത്താണ് കൊലചെയ്തത്. മരിച്ചെന്ന് ഉറപ്പായപ്പോള്‍ ശവശരീരം വലിച്ച് പറമ്പിലേക്കിട്ടു. പിന്നീട് സുഹറയുടെ മൊബൈല്‍ ഫോണും ബാഗിലുണ്ടായിരുന്ന പണവും എടുത്ത് രക്ഷപ്പെട്ടു.

സാക്ഷികളാരും ഇല്ലാതിരുന്ന ഈ കൊലപാതകത്തിന്റെ ദുരൂഹതകളഴിക്കാന്‍ പൊലീസിനെ സഹായിച്ചത് വിവരസാങ്കേതികവിദ്യയാണ്. സുഹറയുടെ മൊബൈലിലേക്ക് വന്ന ഫോണ്‍ വിളികള്‍ എവിടെ നിന്നൊക്കെയായിരുന്നുവെന്ന് മൊബൈല്‍ സേവന ദാതാവില്‍ നിന്ന് പൊലീസ് അറിയുകയായിരുന്നു. സുഹറ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷെരീഫും സുഹറയും ഒരേ ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നുവെന്നു അറിയാന്‍ കഴിഞ്ഞു.

കൊലപാതകത്തില്‍ ഷെരീഫിനൊഴികെ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് പറയുന്നു. ഡി.വൈ.എസ്.പി എന്‍.പി. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌കാഡാണ് കേസന്വേഷിച്ചതും പ്രതിയെ പിടികൂടിയതും. സുഹറയില്‍ നിന്ന് ഷെരീഫ് വന്‍‌തുക അടിച്ചുമാറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയിപ്പോള്‍ റിമാന്‍ഡിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :