റിയല്‍ എസ്റ്റേറ്റില്‍ ഇനി കള്ളപ്പണം വാഴില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ യുദ്ധത്തിന്. ‘പാന്‍’ വെളിപ്പെടുത്താതെ നടത്തുന്ന വസ്തു ഇടപാടുകള്‍ക്ക് 20 ശതമാനം നികുതി ചുമത്തി കേന്ദ്ര ധനമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. വസ്തു വാങ്ങുന്നയാള്‍ നികുതി ഇടാക്കി സര്‍ക്കാറിലേക്ക് അടക്കണമെന്നാണ് ഉത്തരവ്. ഉത്തരവ് ശനിയാഴ്ച്ച നിലവില്‍ വന്നു.
50 ലക്ഷത്തിന് മുകളിലുള്ള കൃഷി ഭൂമി ഒഴികെയുള്ള സ്ഥാവര വസ്തുക്കളുടെ ഇടപാടുകള്‍ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ‘പാന്‍’ ഇല്ലാത്ത വസ്തു ഇടപാടുകള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്.
റിയല്‍ എസ്റ്റേറ്റ് മേഖല ഇന്ത്യയിലെ കള്ളപ്പണ നീക്കത്തിന്റെമുഖ്യ കേന്ദ്രമാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുന്നതിനും വസ്തു ഇടപാട് തുക വന്‍ തോതില്‍ കുറച്ച് കാണിക്കുന്നുണ്ട്. 50 ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകള്‍ക്ക് ടി.ഡി.എസ് വരുന്നതോടെ നികുതി സംബന്ധിച്ച് ഭാവിയില്‍ ഉണ്ടാകുന്ന എല്ലാ ബാധ്യതകളും വസ്തു വാങ്ങുന്നയാള്‍ക്കാവും. വസ്തു വാങ്ങുന്ന ആളാണ് നികുതി തുക ഓണ്‍ലൈനായി ആദായ നികുതി വകുപ്പിന്റെ കൗണ്ടില്‍ ഇടുകയോ അല്ലെങ്കില്‍ നിശ്ചിത ബാങ്ക് ശാഖകളില്‍ അടയ്ക്കുകയോ ചെയ്യേണ്ടത്.