ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 8 ജൂലൈ 2014 (12:56 IST)
സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ 10 റയില്‍വെ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരമുള്ളതാക്കി ഉയര്‍ത്തുമെന്ന് റയില്‍വെ മന്ത്രി സദാനന്ദ ഗൌഡ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പോസ്റ്റോഫീസുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. റയില്‍വെയുടെ പാഴ്സല്‍ സര്‍വീസ് കമ്പ്യൂട്ടര്‍വത്കരിക്കും. തെരഞ്ഞെടുത്ത ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ റയില്‍വെ ഓഫീസുകള്‍ കടലാസ് രഹിതമാക്കും.
ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കും. മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വജ്ര ചതുഷ്കോണ അതിവേഗ ഇടനാഴികള്‍ നടപ്പാക്കും. ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160ല്‍ നിന്ന് 200 കിലോമീറ്ററാക്കി ഉയര്‍ത്തും. റയില്‍വെയുടെ ഭൂമി വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കും - മന്ത്രി അറിയിച്ചു.
യാത്രാക്കൂലി വര്‍ദ്ധനവ് അനിവാര്യമായിരുന്നു എന്ന് സദാനന്ദ ഗൌഡ പറഞ്ഞു. റയില്‍വെയുടെ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റയില്‍വെയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യമാണ്. ഇതിനായി മന്ത്രിസഭയുടെ അനുമതി തേടുമെന്നും സദാനന്ദഗൌഡ പറഞ്ഞു. ഹൈ സ്പീഡ് ട്രെയിനിനായി പൊതു - സ്വകാര്യ നിക്ഷേപം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ സ്റ്റേഷനുകളിലും കുടിവെള്ളം, ടോയ്‌ലെറ്റുകള്‍, വിശ്രമമുറികള്‍ എന്നിവ ഉറപ്പാക്കും. സുരക്ഷയ്ക്കും വൃത്തിക്കും പ്രാധാന്യം നല്‍കും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതല്‍ വിപുലമാക്കും. ഇന്ധനവില വ്യതിയാനം അനുസരിച്ച് നിരക്കില്‍ മാറ്റം വരുത്തും.
ലോകത്തെ ഒന്നാമത്തെ റയില്‍വെ സര്‍വീസാക്കി ഇന്ത്യന്‍ റയില്‍വെയെ മാറ്റും. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി അറിയിച്ചു. ചരക്കുനീക്കത്തില്‍ ഇന്ത്യന്‍ റയില്‍വെയെ ഒന്നാമതെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഏറെ നിര്‍ണായകമാണ് റയില്‍വെ. വരുമാനത്തിന്‍റെ 94 ശതമാനവും ചെലവാണ്. മിച്ചം കിട്ടുന്നത് ആറുശതമാനം തുകയാണ്. ഇത് വികസനത്തിന് മതിയാകില്ല - മന്ത്രി വ്യക്തമാക്കി.
ദിവസവും 230 ലക്ഷം ആളുകള്‍ ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്നു എന്നും സദാനന്ദ ഗൌഡ വ്യക്തമാക്കി. നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആദ്യ റയില്‍വെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.