രാജീവ് ശുക്ലയുടെ രഹസ്യം മൈക്ക് പരസ്യമാക്കി!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി രാജ്യസഭയില്‍ രഹസ്യം പറഞ്ഞത് മൈക്ക് പരസ്യമാക്കി. ഇതോടെ രാജീവ് ശുക്ല വിവാദത്തിലാവുകയും ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷനായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി ജെ കുര്യനോടാണ് അദ്ദേഹം രഹസ്യം പറഞ്ഞത്. കുര്യന്റെ മേശപ്പുറത്തെ മൈക്ക് അത് പിടിച്ചെടുത്തതോടെ സഭയിലുള്ള സകലരും അത് കേള്‍ക്കുകയും ചെയ്തു.

സഭയില്‍ പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ സഭ നിര്‍ത്തിവയ്ക്കാനാണ് രാജീവ് ശുക്ല കുര്യന്റെ കാതില്‍ പറഞ്ഞത്. ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കുര്യന്‍ കസേരയില്‍ ഇരുന്നതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. അപ്പോഴായിരുന്നു രാജീവ് ശുക്ലയുടെ രഹസ്യം പറച്ചില്‍. ഇത് മൈക്ക് പരസ്യമാക്കി, സഭയിലെ ക്യാമറകള്‍ ഈ രംഗം ഒപ്പിയെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ കുര്യന്‍ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്‌തു.

കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് ബി ജെ പി പ്രതികരിച്ചു. ഒരു വശത്ത് സഭ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് മറുവശത്ത് സഭ സ്തംഭിപ്പിക്കുന്നത് ബി ജെ പിയാണെന്ന് ആരോപിക്കുകയാണ്. എന്നാല്‍ താന്‍ ചെയ്തത് അസാധാരണമായ ഒരു കാര്യമൊന്നുമല്ലെന്നാണ് രാജീവ് ശുക്ല പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :