രാജീവ് വധം: മൂന്ന് പ്രതികളുടെ ദയാഹര്‍ജി വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: | WEBDUNIA| Last Modified ഞായര്‍, 10 ഫെബ്രുവരി 2013 (12:02 IST)
PRO
PRO
രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്ന അറിവ് എന്നിവരുടെ ദയാഹര്‍ജി വീണ്ടും സുപ്രീംകോടതിയില്‍. ഇവരുടെ ദയാഹര്‍ജി നേരത്തേ തള്ളിയിരുന്നുവെങ്കിലും മൂവരും വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ദയാഹര്‍ജി തള്ളാനെടുത്ത കാലതാമസം മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്.

നേരത്തേ സുപ്രീംകോടതി ഇവരുടെ വധശിക്ഷ ശരിവെച്ചിരുന്നു. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് മൂന്ന് പേരുടെയും ദയാഹര്‍ജി അന്ന് തള്ളിയത്. വധശിക്ഷ ലഭിച്ച് വര്‍ഷങ്ങളായി ഏകാന്ത തടവില്‍ കിടക്കുന്നവര്‍ക്കാണ് വീണ്ടും ജുഡീഷ്യല്‍ പുനഃപരിശോധനയ്ക്ക് അവസരം ലഭിക്കുന്നത്.

ദയാഹര്‍ജി തള്ളപ്പെട്ടവരെ സംബന്ധിച്ചിടത്തോളം പിന്നെ ശിക്ഷ നടപ്പാക്കലാണ് മുന്നിലുള്ളത്. അത് നീട്ടിക്കൊണ്ടുപോകുന്നത് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള മനുഷ്യാവകാശ ലംഘനമാണ്. 11 കൊല്ലമായുള്ള ഏകാന്ത തടവ് മനുഷ്യത്വമില്ലാത്തതാണെന്ന് ഹൈക്കോടതിയിലെ ഹര്‍ജിയില്‍ മൂന്നുപേരും ചൂണ്ടിക്കാട്ടി. ഈ മൂന്ന് പേര്‍ക്കും പുറമെ, പ്രതിയായ നളിനിക്ക് വിചാരണക്കോടതി വധശിക്ഷ നല്‍കിയിരുന്നു. എന്നാല്‍, നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി സുപ്രീം കോടതി കുറച്ചു. നളിനിയെ ഇതിനിടയില്‍ ജയിലില്‍ സന്ദര്‍ശിച്ച് രാജീവ് ഗാന്ധിയുടെ മകള്‍ പ്രിയങ്കഗാന്ധി മാപ്പുനല്‍കി.

1999 മേയ് മാസത്തിലാണ് മൂന്നുപേരുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്. ഇതിനിടയില്‍, എല്‍ടിടിഇയുടെ അനുഭാവികള്‍ കേസ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും തമിഴ്‌നാട്ടിലെ കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് എല്‍ വെങ്കട്ട് എന്നൊരാള്‍ ഹര്‍ജി നല്‍കി. കേസിലെ കക്ഷികള്‍ക്കോ, അറ്റോര്‍ണി ജനറലിനോ മാത്രമേ കേസ് മാറ്റാനുള്ള ഹര്‍ജി നല്‍കാന്‍ കഴിയൂ എന്ന വാദം തള്ളിയ ശേഷമാണ് സുപ്രീം കോടതിയിലേക്ക് ഹര്‍ജി മാറ്റാന്‍ ജസ്റ്റിസ് ജി എസ് സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :