വിശ്വരൂ‍പത്തെ തമിഴ്നാട് ഭയക്കുന്നു: ജയലളിത

ചെന്നൈ| WEBDUNIA|
PTI
PTI
കമലഹാസന്‍ ചിത്രം വിശ്വരൂപം വിലക്കാനുള്ള തീരുമാനം വിശദീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ചിത്രം വിലക്കിയതില്‍ വ്യക്തിതാല്പര്യമില്ലെന്ന് അവര്‍ പറഞ്ഞു. ക്രമസമാധനപ്രശ്നങ്ങള്‍ മൂലമാണ് ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു.

വിശ്വരൂപത്തിനെതിരെ 24 മുസ്ലിം സംഘടനകളാണ് തനിക്ക് പരാതി നല്‍കിയത്. ചിത്രം റിലീസ് ചെയ്താല്‍ അക്രമം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ക്രമസമാധാ‍നം നോക്കേണ്ടത് തന്റെ കടമയാണെന്നും പറഞ്ഞു.

ചിത്രം നിരോധിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ സുപ്രീംകോടതിയില്‍ പോകുന്നില്ലെന്ന് കമലഹാസന്‍ വ്യാഴാഴ്ച രാവിലെ അറിയിച്ചിരുന്നു. തമിഴ്നാടുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന് തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ എഡിറ്റ് ചെയ്ത് കളയാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി ആറ് വരെയാണ് വിശ്വരൂപം തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇതിനെതിരെ കമലഹാസന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി നിരോധനം നീക്കി. പക്ഷേ തമിഴ്നാട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ ചിത്രം വീണ്ടും നിരോധിക്കുകയായിരുന്നു.

95 കോടി മുടക്കി നിര്‍മ്മിച്ച വിശ്വരൂപം ജനുവരി 25-നാണ് റിലീസിംഗ് തീരുമാനിച്ചിരുന്നത്. ഇസ്ലാമിനെ വ്രണപ്പെടുത്തുന്ന ചിത്രമാണ് വിശ്വരൂപം എന്ന ചില മുസ്ലിം സംഘടനകളുടെ ആരോപണമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :