രാജീവ് വധം: നളിനിയെ നേരത്തെ മോചിപ്പിച്ചേക്കും

ചെന്നൈ| WEBDUNIA|
രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരനെ കാലാവധിക്കു മുമ്പേ മോചിപ്പിച്ചേക്കുമെന്ന് സൂചന. നളിനിയുടെ മോചനം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ഉപദേശക സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, അന്തിമ തീരുമാനം സര്‍ക്കാരിന്റേത് മാത്രമായിരിക്കും.

നളിനി ഇതിനോടകം 19 വര്‍ഷം ജയിലില്‍ കഴിഞ്ഞതും അവര്‍ക്ക് ഒരു പെണ്‍കുട്ടിയുള്ളതും അവരുടെ ഭര്‍ത്താവ് വധശിക്ഷ കാത്ത് കഴിയുന്നതും വെല്ലൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി അനുഭാവപൂര്‍വം പരിഗണിച്ചു എന്നാണ് സൂചന. കഴിഞ്ഞ ദിവസം നളിനിയെ ഉപദേശക സമിതിയുടെ മുന്നില്‍ ഹാജരാക്കിയിരുന്നു.

രാജീവ് വധക്കേസില്‍ നളിനി ഉള്‍പ്പെടെ 25 പേര്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. തുടര്‍ന്ന് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാവട്ടെ നളിനിയുടെയും മറ്റ് നാല് പേരുടെയും വധശിക്ഷ ശരിവച്ചു. 2000 ല്‍ കോണ്‍ഗ്രസ് അധ്യക്ഷ ഗാന്ധിയുടെ ഇടപെടല്‍ മൂലം സംസ്ഥാന ഗവര്‍ണര്‍ നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.

ശിക്ഷാകാലാവധിക്കു മുമ്പ് മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് 2007 ഒക്ടോബര്‍ 17 ന് നളിനി സമര്‍പ്പിച്ച ഹര്‍ജി ജയില്‍ ഉപദേശക സമിതി നിരസിച്ചിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കൊടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കളക്ടറുടെ നേതൃത്വത്തില്‍ പുതിയ ഉപദേശക സമിതി രൂപീകരിച്ചത്.

2008 മാര്‍ച്ച് 19 ന് പ്രിയങ്ക ഗാന്ധി വെല്ലൂരിലെ വനിതാ ജയിലില്‍ എത്തി നളിനിയെ സന്ദര്‍ശിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :